24.2 C
Kottayam
Saturday, May 25, 2024

ഒരുമാസം കഴിഞ്ഞെങ്കിലും ആ കുട്ടിയുടെ മുഖം മനസില്‍ നിന്ന് മാഞ്ഞുപോകുന്നില്ല; മോഹന്‍ലാലിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

Must read

നേപ്പാളില്‍ റിസോര്‍ട്ടില്‍ വിഷ വാതകം ശ്വസിച്ച് മരിച്ച മലയാളി കുടുംബാംഗങ്ങളുടെ വാര്‍ത്ത വളരെ ഞെട്ടലോടെയാണ് കേരളം കേട്ടത്. ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍ (39), ഭാര്യ ശരണ്യ (34) മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍ (39) ഭാര്യ ഇന്ദുലക്ഷ്മി (34) മകന്‍ വൈഷ്ണവ് (രണ്ട്) എന്നിവരുമാണ് ദമനിലെ എവറസ്റ്റ പനോരമ റിസോര്‍ട്ടില്‍ മരിച്ചത്. ഇവരുടെ മൂത്ത മകന്‍ മാധവ് മറ്റൊരു മുറിയിലായതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മുറിയിലെ ഗ്യാസ് ഹീറ്ററില്‍ നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതായിരുന്നു മരണകാരണം. ഇപ്പോള്‍ മാധവിനെ കുറിച്ച് നടന്‍ മോഹന്‍ലാല്‍ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഒരു മാദ്ധ്യമത്തിലെ പംക്തിയിലാണ് ലാലിന്റെ ഹൃദയ സ്പര്‍ശിയായ കുറിപ്പ്.

മോഹന്‍ലാലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

മാസം ഒന്നുകഴിഞ്ഞെങ്കിലും മനസ്സില്‍നിന്ന് ആ കുട്ടിയുടെ ചിത്രവും നിഷ്‌കളങ്കമായ മുഖവും മാഞ്ഞുപോവുന്നില്ല. നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ച കോഴിക്കോട് സ്വദേശികളായ രഞ്ജിത് കുമാറിന്റെയും ഇന്ദുലക്ഷ്മിയുടെയും മകന്‍ മാധവിന്റെ സൈക്കിള്‍ പിടിച്ചുനില്‍ക്കുന്ന ചിത്രം. ഒന്നുമറിയാതെ എയര്‍പോര്‍ട്ടില്‍ അവന്‍ സ്യൂട്ട്‌കേസ് പിടിച്ചുനില്‍ക്കുന്നതും കണ്ടു. അമ്മയുടെയും അച്ഛന്റെയും കുഞ്ഞനുജന്റെയും ചിതയണയമ്പോഴും മാധവിന് ഒന്നും മനസ്സിലായിരുന്നില്ല എന്നും വായിച്ചു. ലോകതത്ത്വങ്ങളും ജീവിതയാഥാര്‍ഥ്യങ്ങളുമൊന്നും അറിയാന്‍മാത്രം അവന്‍ വളര്‍ന്നിരുന്നില്ലല്ലോ. ഇത്രയും ദിവസം കഴിഞ്ഞിട്ടും ചില രാത്രികളില്‍ ഞാന്‍ ആലോചിക്കാറുണ്ട്, എനിക്ക് നേരിട്ട് ഒരു പരിചയവുമില്ലാത്ത ആ കുഞ്ഞ് ഇപ്പോള്‍ ഉറങ്ങിയിട്ടുണ്ടാവമോ എന്ന്. അതെന്റെ ഉറക്കംകെടുത്താറുണ്ട്.

മരണമല്ല ജീവിതമാണ് ഏറ്റവും ദുഃഖകരവും ഭാരമുള്ളതുമെന്ന് തെളിയിക്കുന്നതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം മാധവിന്റെ ചിത്രങ്ങളും അവനെക്കുറിച്ചുവന്ന വാര്‍ത്തകളും. എത്രദൂരം അവനിനി തനിച്ച് യാത്രചെയ്യണം! എത്രമേല്‍ ഏകാന്തമായിരിക്കാം അവന്റെ ജീവിതം! വലുതാവമ്പോള്‍ അവന്റെ ഓര്‍മകളില്‍ അച്ഛനും അമ്മയും അനുജനും എങ്ങനെയായിരിക്കും വന്നപോവുക! ആലോചിച്ചാല്‍ ഒരെത്തുംപിടിയും കിട്ടില്ല.

മാധവ് മാത്രമല്ല ഇങ്ങനെ ഈ ഭൂമിയില്‍ ഉള്ളത്. എത്രയോ കുട്ടികള്‍, ഏതൊക്കെയോ ദേശങ്ങളില്‍, പലപല കാരണങ്ങളാല്‍ തനിച്ച് ജീവിതം തുഴയുന്നു. എല്ലാ ദുരന്തങ്ങളുടെയും ഏറ്റവും വലിയ ഇരകള്‍ കുഞ്ഞുങ്ങളാണെന്നു പറയാറുണ്ട്. അത് സത്യവുമാണ്. ഇക്കാലത്ത് പ്രത്യേകിച്ചും. ഇത്രമാത്രം അനുഭവിക്കാന്‍ തങ്ങള്‍ എന്തുതെറ്റ് ചെയ്തുവെന്നപോലുമറിയാതെ കുഞ്ഞുങ്ങള്‍ എല്ലാം നിശ്ശബ്ദം സഹിക്കുന്നു.

കുഞ്ഞുങ്ങളുടെ സഹനങ്ങള്‍ക്ക് പലതാണ് കാരണം. അതില്‍ കുടുംബകലഹങ്ങളും അച്ഛനമ്മമാരുടെ വേര്‍പിരിയലുകളുംമുതല്‍ യുദ്ധവും പലായനങ്ങളും ബാലവേലയുമെല്ലാം ഉള്‍പ്പെടുന്നു. ഇവയ്‌ക്കെല്ലാം ഒരുപാട് സാമൂഹിക കാരണങ്ങളുണ്ടാവാം. എന്നാല്‍, അനുഭവിക്കുന്നത് കുഞ്ഞുങ്ങളാണ്; അവര്‍ മാത്രമാണ്. മുതിര്‍ന്നവര്‍ പടച്ചുണ്ടാക്കിയ ആ കാരണങ്ങളൊന്നും അവര്‍ക്കറിയുകയുമില്ല. കേരളത്തിന്റെ കാര്യം മാത്രമെടുക്കുക. എത്രമാത്രം ദാരുണമായ കുടംബച്ഛിദ്രങ്ങളാണ് നിത്യവും നാം പത്രങ്ങളിലൂടെയും ടി.വി.യിലൂടെയും അറിയുന്നത്. ഓരോന്നിന്റെയും കാരണം അതിവിചിത്രങ്ങളും നിഗൂഢങ്ങളുമാണ്. സ്വന്തം സ്വാതന്ത്ര്യത്തിനവേണ്ടി കുട്ടികളെ കൊന്നുകളഞ്ഞ എത്രയോ സംഭവങ്ങള്‍ നാം വായിച്ചു. അച്ഛനും അമ്മയും ജയിലിലേക്ക് പോയതിനാല്‍ പുറത്ത് തനിച്ചായ എത്രയോ കുട്ടികള്‍ നമുക്കിടയിലുണ്ട്. എവിടെയൊക്കെയോ കുട്ടികള്‍ ക്രൂരമായി മര്‍ദിക്കപ്പെടുന്നു, പീഡിപ്പിക്കപ്പെടുന്നു. അതില്‍ ചിലതുമാത്രം വെളിപ്പെടുന്നു. ബാക്കിയെല്ലാം നിശ്ശബ്ദം നീറിനീറി ഇരുളില്‍ക്കഴിയുന്നു. ബാലവേല നിരോധിച്ചെങ്കിലും പഠനംപോലും നിഷേധിക്കപ്പെട്ട് പണിയെടുക്കുന്നവരുണ്ട്. അവര്‍ക്ക് രക്ഷകരായി ആരുമില്ല.

ലോകമെങ്ങുമുള്ള യുദ്ധത്തിന്റെയും കലാപങ്ങളുടെയും പലായനങ്ങളുടെയും ചിത്രങ്ങള്‍ നോക്കൂ. നിറയെ കുട്ടികളെ കാണാം. ദുരിതാശ്വാസക്യാമ്പുകളില്‍, തകര്‍ന്ന നഗരങ്ങളില്‍ എവിടെയും അവരുണ്ട്. കുഞ്ഞുപ്രായത്തിലേ കഠിനതകളോട് പൊരുതുകയാണ് അവര്‍. അദ്ഭുതകരമായ കാര്യം നമ്മള്‍ മുതിര്‍ന്ന മനുഷ്യര്‍ വിചാരിച്ചാല്‍ ഒഴിവാക്കാവുന്നതേയുള്ളൂ ഇവയുടെ കാരണങ്ങളെല്ലാം എന്നതാണ്. കുട്ടികളുടെ ഈ നിശ്ശബ്ദമായ ഈ സഹനങ്ങള്‍ക്ക് നാം കൂടുതല്‍ ശ്രദ്ധനല്‍കേണ്ടതുണ്ട് എന്നെനിക്ക് തോന്നാറുണ്ട്. എന്തുചെയ്യണം എന്നു ചോദിച്ചാല്‍ എനിക്കുമറിയില്ല. ഏറ്റവും ഇളം പ്രായത്തിലാണ് ഇവര്‍ക്ക് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്; കടുത്ത അനുഭവങ്ങള്‍ നേരിടേണ്ടിവരുന്നത്. അത് അവരുടെ മനോഘടനയിലുണ്ടാക്കുന്ന ആഘാതങ്ങളും മാറ്റങ്ങളും നാം ഊഹിക്കുന്നതിലും അധികമായിരിക്കും. അവരുടെ കാഴ്ചപ്പാടുകളെ അത് സ്വാധീനിക്കും. കാര്യങ്ങളോടുള്ള സമീപനത്തില്‍ അവ മാറ്റം വരുത്തും. അവയില്‍നിന്ന് ഉരുത്തിരിഞ്ഞുവരുന്ന അവരുടെ ശരികള്‍ നമ്മെ ചിലപ്പോള്‍ പൊള്ളിച്ചേക്കാം.

അതുകൊണ്ട്, നിശ്ശബ്ദമായ ഈ അഗ്നിപര്‍വതങ്ങളെ കണ്ടെത്തുകയെന്നതാണ് ആദ്യം വേണ്ടത്. അവര്‍ക്ക് നമ്മുടെ സ്‌നേഹത്തിന്റെ ലേപനങ്ങള്‍ വേണം. കരുതലും തനിച്ചല്ലെന്ന ബോധ്യവും നല്‍കണം. ലോകം അത്രമേല്‍ ക്രൂരമല്ല എന്നവരെ ബോധ്യപ്പെടുത്തണം. ഇവിടത്തെ നന്മകളെ പകര്‍ന്നുനല്‍കണം. ഭൗതികവിദ്യാഭ്യാസത്തിനൊപ്പം മാനസിക വിദ്യാഭ്യാസവും നല്‍കി, ലോകത്തെ പകയോടെ കാണാതിരിക്കാന്‍ അവരെ പാകപ്പെടുത്തിയെടുക്കണം. ഇല്ലെങ്കില്‍ അവര്‍ അപകടകരമാംവിധം പൊട്ടിത്തെറിക്കും. നാളത്തെ ലോകം നിര്‍മിക്കേണ്ടവരാണ് ഈ കുട്ടികള്‍.
നൊബേല്‍ ജേതാവായ കൈലാഷ് സത്യാര്‍ഥിയുടെ സേവനങ്ങളുടെ വില ഈയൊരു പശ്ചാത്തലത്തില്‍ കൂടുതല്‍ തിരിച്ചറിയാന്‍ എനിക്ക് സാധിക്കുന്നു. ഒരു ജന്മം മുഴുവന്‍ സത്യാര്‍ഥി സമര്‍പ്പിച്ചത് ഈ കുട്ടികള്‍ക്കവേണ്ടിയാണ്. ഇപ്പോഴും അദ്ദേഹം അതു തുടരുന്നു. നമുക്ക് കൂടുതല്‍ സത്യാര്‍ഥിമാര്‍ ആവശ്യമുണ്ട് അത്രയധികം കുഞ്ഞുവിലാപങ്ങളും തേങ്ങലുകളുമുണ്ട് നമുക്കുചുറ്റും’.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week