സ്ത്രീധന പീഡനത്തിന്റെ പേരില്‍ ആലുവയില്‍ ആത്മഹത്യ ചെയ്ത നവവധു മോഫിയ പര്‍വിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.
പങ്കാളിക്കും കുടുംബത്തിനും സിഐക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് ആത്മഹത്യാകുറിപ്പിലുള്ളത്. അവര്‍ ക്രിമിനലുകളാണെന്നും കടുത്ത ശിക്ഷ നല്‍കണമെന്നും കത്തിലൂടെ ആവശ്യപ്പെടുന്നു. അതാണ് തന്റെ അവസാനത്തെ ആഗ്രഹമെന്ന് കുറിപ്പിലുണ്ട്.
കുറിപ്പിന്റെ ഉള്ളടക്കം-
‘ഞാന്‍ മരിച്ചാല്‍ അവന്‍ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. അവന്‍ എന്നെ മാനസിക രോഗിയാക്കി കഴിഞ്ഞു. ഇനി ഞാന്‍ എന്ത് ചെയ്താലും മാനസിക രോഗം എന്ന് പറയും. എനിക്ക് ഇനി ഇത് കേട്ട് നില്‍ക്കാന്‍ വയ്യ. ഞാന്‍ ഒരു പാടായി സഹിക്കുന്നു. പടച്ചോന്‍ പോലും നിന്നോട് പൊറുക്കൂല്ല. എന്റെ പ്രാക്ക് എന്നും നിനക്കുണ്ടാവും. അവസാനമായിട്ട് അവനിട്ട് ഒന്നുകൊടുക്കാന്‍ പറ്റി. അതെങ്കിലും ചെയ്തില്ലെങ്കില്‍ എന്റെ മനസാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും.
സിഐക്കെതിരെ നടപടി എടുക്കണം. സുഹൈലിന്റെ അച്ഛനും അമ്മയും ക്രിമിനല്‍സ് ആണ്. അവര്‍ക്ക് മാക്‌സിമം ശിക്ഷ നല്‍കണം. എന്റെ അവസാനത്തെ ആഗ്രഹം.
അവനെ അത്രമേല്‍ സേനേഹിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്. പടച്ചോനും അവനും എനിക്കും അറിയാവുന്ന കാര്യമാണത്. നീ എന്താണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് മാത്രം എനിക്ക് മനസ്സിലായില്ല. എന്ത് തെറ്റാണ് ഞാന്‍ നിങ്ങളോട് ചെയ്തത്. നിങ്ങളെ ഞാന്‍ സ്‌നേഹിക്കാന്‍ പാടില്ലായിരുന്നു.
പപ്പാ…ചാച്ചാ സോറി…എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതായിരുന്നു ശരി. അവന്‍ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍. ഞാന്‍ ഈ ലോകത്ത് ആരേക്കാളും സ്‌നേഹിക്കുന്നയാള്‍ എന്നെപറ്റി ഇങ്ങനെ പറയുന്നത് കേള്‍ക്കാനുള്ള ശക്തിയില്ല. അവന്‍ അനുഭവിക്കും എന്തായാലും. സന്തോഷമായി ജീവിക്ക്. എന്റെ റൂഹ് ഇവിടെ തന്നെയുണ്ടാവും.’
ഭര്‍തൃവീട്ടുകാരുമായി ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇരുപത്തിയൊന്നുകാരിയെ സ്വന്തം വിട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ പരാതിയില്‍ ഇന്നലെ മോഫിയയുടെ ഭര്‍ത്താവിന്റെ വീട്ടുകാരെ വിളിച്ച് വരുത്തി പൊലീസ് സ്റ്റേഷനില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ചു എന്നാണ് ആരോപണം.
വിവാഹ ശേഷം 40 ലക്ഷം രൂപ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നതായി മോഫിയ പര്‍വിന്റെ പിതാവും മാധ്യമങ്ങളോട് പ്രതികരിച്ചു.
പൊലീസിനെതിരെ യുവതി ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചതിന് സമാനമായ പരാമര്‍ശം പിതാവും മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതി നല്‍കാനെത്തിയപ്പോള്‍ സിഐ മോശമായി സംസാരിച്ചെന്നും മോഫിയയുടെ പിതാവ് ആറോപിച്ചു. കോതമംഗലത്തേക്കായിരുന്നു യുവതിയെ വിവാഹം കഴിച്ചയച്ചത്. ഏപ്രില്‍ മൂന്നിനായിരുന്നു വിവാഹം. സ്ത്രീധനമായി ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. ഇയാള്‍ക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല.
സിനിമ പിടയിക്കണം എന്നെല്ലാം പറഞ്ഞ് നാല്‍പത് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ മാനസികമായും ശാരീരികമായും ഏറെ പീഡനങ്ങള്‍ മകള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതിന്റെ പേരില്‍ മോഫിയ വീട്ടിലേക്ക് തിരിച്ചെത്തുകയും സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി വനിതാ കമ്മീഷന് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നതായും പിതാവ് പ്രതികരിച്ചു. സംഭവത്തിന് പിന്നാലെ ഗാര്‍ഹിക പീഡനത്തിന് യുവതിയുടെ പരാതിയില്‍ ഭര്‍തൃകുടുംബത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, പൊലീസിനെതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ തള്ളുകയാണ് അധികൃതര്‍. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ല, സമവായ ചര്‍ച്ചയ്ക്കിടെ ഭര്‍ത്താവിനോട് പെണ്‍കുട്ടി മോശമായി പെരുമാറി. ഇത് തടയാന്‍ ഇടപെടുകമാത്രമണ് ചെയ്തതെന്നും പൊലീസ് പറയുന്നു.