ദുരന്തഭൂമിയിൽ പ്രധാനമന്ത്രി മോദി; ചൂരൽമലയിൽ സന്ദർശനം നടത്തുന്നു

കണ്ണൂർ: ഉരുൾപൊട്ടൽ ദുരന്തം നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്ത ഭൂമി സന്ദർശിച്ച അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ദുരന്തഭൂമിയിൽ ആകാശനിരീക്ഷണം നടത്തിയശേഷമാണ് അദ്ദേഹം ചൂരൽമലയിലെത്തിയത്. കല്പറ്റയിലെ എസ്.കെ.എം.ജെ. സ്കൂൾ മൈതാനത്തെ ഹെലിപാഡിൽ ഇറങ്ങിയ മോദി അവിടെനിന്ന് റോഡ് മാർഗമാണ് ദുരന്തമുണ്ടായ ചൂരൽമലയിൽ എത്തിയത്.

ചൂരൽമലയിൽനിന്ന് പ്രധാനമന്ത്രി വിംസ് ആശുപത്രിയിലേക്കാണ് പോകുക. അവിടെ ചികിത്സയിൽ കഴിയുന്ന ദുരിതബാധിതരെ സന്ദർശിച്ച ശേഷം ദുരിതാശ്വാസക്യാമ്പിലും അദ്ദേഹം എത്തും.തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും. 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55-ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News