സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവെക്കണം; ബംഗ്ലാദേശിൽ വീണ്ടും വിദ്യാർഥി പ്രക്ഷോഭം
ധാക്ക: ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രിസ്ഥാനത്ത് നിന്ന് രാജിവെപ്പിച്ച് നാടുകടത്തിയ ബംഗ്ലാദേശിലെ വിദ്യാര്‍ഥി പ്രക്ഷോഭം സുപ്രീംകോടതി ചീഫ് ജസ്റ്റിലേക്കും തിരിയുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും രാജി ആവശ്യപ്പെട്ട് വിദ്യാർഥി പ്രക്ഷോഭം വീണ്ടും ആരംഭിച്ചു. പ്രതിഷേധക്കാർ ബംഗ്ലാദേശ് സുപ്രീം കോടതി വളഞ്ഞു. സ്ഥിതിഗതി വഷളായതായും ചീഫ് ജസ്റ്റിസ് സുപ്രീം കോടതി പരിസരത്ത് നിന്നും മാറിയതായും റിപ്പോർട്ടുകളുണ്ട്.
പുതുതായി രൂപവത്കരിച്ച ഇടക്കാല സർക്കാരിനോട് ആലോചിക്കാതെ ചീഫ് ജസ്റ്റിസ് വിളിച്ചുചേർത്ത ഫുൾ കോർട്ട് യോഗമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് യോഗമെന്നാരോപിച്ചാണ് വിദ്യാർഥി പ്രതിഷേധക്കാർ കോടതി വളഞ്ഞ് പ്രക്ഷോഭം ആരംഭിച്ചത്.
വ്യാഴാഴ്ചയാണ് ബംഗ്ലാദേശിൽ നൊബേൽ സമ്മാനജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാലസർക്കാർ അധികാരമേറ്റത്. 2008-ൽ അധികാരത്തിൽവന്നശേഷം ഹസീന സർക്കാർ നിരന്തരം വേട്ടയാടിയിട്ടുള്ള വ്യക്തിയാണ് യൂനുസ്. തൊഴിൽനിയമം ലംഘിച്ചെന്നതടക്കം ആരോപിച്ച് യൂനുസിനെ പല കേസുകളിലും പ്രതി ചേർക്കുകയും ചെയ്തിരുന്നു.