23.9 C
Kottayam
Sunday, November 17, 2024
test1
test1

കണ്ണന്‌ നറുനെയ്യും താമരയും സമര്‍പ്പിച്ച്‌ മോദി,കാണിക്ക ക്യു.ആർ. കോഡിലൂടെ; ഗുരുവായൂരില്‍ മോദിക്കുവേണ്ടി തയ്യാറാക്കിയത് 20 വിഭവങ്ങൾ

Must read

തൃശ്ശൂർ: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങിന് വ്രതംനോറ്റ ഭക്തന്റെ മനസ്സോടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂരിലെയും തൃപ്രയാറിലെയും ക്ഷേത്രദർശനങ്ങൾ. വി.വി.ഐ.പി. പതിവുകൾ തെറ്റിച്ച അദ്ദേഹം സാധാരണ ഭക്തനെപ്പോലെ ഈശ്വരസന്നിധിയിലലിഞ്ഞു. മൊബൈൽഫോണിൽ ക്യു.ആർ.കോഡ് സ്കാൻചെയ്ത് വഴിപാടു നടത്തി. വേദപാരായണവും ഭജനയും സദസ്സിലിരുന്ന് കേട്ടു. ഇതിനിടെ സുരേഷ് ഗോപിയുടെ മകളുടെ താരപ്പൊലിമ തിങ്ങിയ വിവാഹത്തിൽ കാർമികനായി, വരണമാല്യം കൈമാറി.

കനത്ത നിയന്ത്രണങ്ങൾക്കിടയിലും ആവേശത്തോടെയാണ് എല്ലായിടത്തും ജനങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചത്‌. കൊച്ചിയിൽനിന്ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ഹെലിപ്പാഡിൽ അദ്ദേഹമിറങ്ങി നേരെ ശ്രീവത്സം ഗസ്റ്റ്ഹൗസിലേക്കെത്തി. മുണ്ടും വേഷ്ടിയും ധരിച്ച് ബഗ്ഗി വാഹനത്തിലാണ് ക്ഷേത്രനടയിലെത്തിയത്. നേരെ ശ്രീലകത്തേക്ക്. അദ്ദേഹത്തിന്റെ താത്പര്യപ്രകാരം ഹനുമദ്‌സമേതനായ ശ്രീരാമന്റെ സങ്കല്പത്തിലാണ് ഭഗവാനെ ഒരുക്കിയിരുന്നത്. വിശേഷാൽ തയ്യാറാക്കിയ ഗീർ പശുവിന്റെ നെയ്യും താമരയും കാണിക്കയും സമർപ്പിച്ച് കണ്ണനെ വണങ്ങി. ദർശനം പൂർത്തിയാക്കി ഉപദേവന്മാരെയും തൊഴുതിറങ്ങുമ്പോൾ 17 മിനിറ്റ്‌ കഴിഞ്ഞു. തുലാഭാരം ഉണ്ടായില്ല.

പുറത്തിറങ്ങി ദീപസ്തംഭത്തിനു മുൻപിലെത്തിയപ്പോഴാണ് ഇ-കാണിക്കയ്ക്കായുള്ള ക്യൂ.ആർ.കോഡു കണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥനിൽനിന്ന്‌ ഫോൺ വാങ്ങി സ്കാൻചെയ്ത് കാണിക്കയർപ്പിച്ചു. തുടർന്ന് വിവാഹത്തിനുള്ള വേഷം ധരിക്കാനായി മടക്കം. തിരിച്ചുവന്ന് വധൂവരന്മാരുടെ രക്ഷിതാക്കൾക്കൊപ്പം നേരെ വിവാഹമണ്ഡപത്തിലേക്ക്. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടും ഒപ്പമുണ്ടായി. നവദമ്പതിമാർക്ക് മാലയെടുത്തുകൊടുത്തു.

അവരെ അനുഗ്രഹിച്ചു. ശേഷം തൊട്ടുമുൻപ് വിവാഹിതരായ ഒൻപത് നവദമ്പതിമാരെ ആശീർവദിച്ച് അയോധ്യയിൽ പൂജിച്ച അക്ഷതം കൈമാറി. തുടർന്ന് താരനിരയുൾപ്പെട്ട ക്ഷണിതാക്കളുടെ അടുത്തേക്ക്. പലരോടും കുശലം പറഞ്ഞു, അക്ഷതം കൈമാറി. വീണ്ടും ഗസ്റ്റ് ഹൗസിലേക്ക്, പിന്നെ ഹെലിപ്പാഡിലേക്ക്. അവിടെനിന്ന് വലപ്പാട്ടേക്ക്…

ദക്ഷിണേന്ത്യയിലെ പ്രശസ്തമായ തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി അവിടെ ചെലവഴിച്ചത് ഒന്നര മണിക്കൂർ. ആധ്യാത്മികപരിപാടികൾ നടന്ന വേദിയിൽ 40 മിനിറ്റോളം ഇരുന്ന് അദ്ദേഹം എല്ലാം ആസ്വദിച്ചു. ഇരുകൈകളുംകൊണ്ട് താളംപിടിച്ചാണ് രാമായണം സംഗീതാവിഷ്കാരവും ഭജനയും കേട്ടത്. ഒടുവിൽ കലാകാരന്മാരെ കൈകൂപ്പി വന്ദിച്ച് എഴുന്നേറ്റു. തുടർന്ന് ഇവരെ ആദരിച്ചു. മടങ്ങിപ്പോകുംവഴി കാണികളുടെ ആവേശമിരട്ടിപ്പിച്ച് കാറിന്റെ വശത്തു നിന്ന് അവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. തിരികെ വലപ്പാട് സ്കൂൾ മൈതാനത്തെത്തി കൊച്ചിയിലേക്ക് ഹെലിക്കോപ്റ്ററിൽ പറന്നു.


സുഗന്ധകളഭത്തിൽ ശ്രീരാമനായി അലങ്കരിച്ച ഗുരുവായൂരപ്പനു മുൻപിൽ നറുനെയ്യും താമരയും സമർപ്പിച്ച് ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിശേഷ ഉദയാസ്തമയപൂജ തൊഴുത് ശ്രീലകക്കണ്ണനെ വണങ്ങി. രാവിലെ ശീവേലി കഴിഞ്ഞ് ഇക്കൊല്ലത്തെ ആദ്യ ഉദയാസ്തമയപൂജ തുടങ്ങി ഏതാനുംസമയം പിന്നിട്ടപ്പോൾ 8.06-നാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിയത്. ഗോപുരകവാടത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് വേദമന്ത്രം ഉരുവിട്ട് പൂർണകുംഭത്തോടെ വരവേൽപ്പിന് നേതൃത്വം നൽകി. ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഓതിക്കൻ മുന്നൂലം നീലകണ്ഠൻ നമ്പൂതിരി, ശാന്തിയേറ്റ കീഴ്ശാന്തിക്കാർ എന്നിവരുമുണ്ടായി

കൊടിമരച്ചുവട്ടിൽ വലിയ ബലിക്കല്ലിനെ നമിച്ചശേഷം പ്രധാനമന്ത്രി നാലമ്പലത്തിലേക്ക് പ്രവേശിച്ചു. തന്ത്രിക്കുപുറമേ, ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, അഡ്മിനിസ്ട്രറ്റർ കെ.പി. വിനയൻ എന്നിവരും അനുഗമിച്ചു. സോപാനത്ത് ഉരുളിയിൽ നറുനെയ്യും നാക്കിലയിൽ താമരയും പണവും കാണിക്കയായി സമർപ്പിച്ചു. മേൽശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി നെയ്യ് സ്വർണനിലവിളക്കിലേക്ക് പകരുന്നതുകണ്ട് കൈകൂപ്പി പ്രാർഥിച്ചു.

ഗുരുവായൂരപ്പന് ചാർത്തിയ തിരുമുടിമാല, വനമാല, കളഭം, ചന്ദനം, പട്ട്, തൃക്കൈയിലെ കദളിപ്പഴം എന്നിവയടങ്ങുന്ന പ്രസാദം തന്ത്രി പ്രധാനമന്ത്രിക്ക് നൽകി. ഉപദേവനായ ഗണപതിയുടെ മുൻപിൽ ഏത്തമിട്ടുതൊഴുത് അനന്തശയനവും ഹനുമാനെയും വണങ്ങി നാലമ്പലത്തിനു പുറത്തുകടന്നു. പ്രദക്ഷിണമായി നടന്ന പ്രധാനമന്ത്രി ഉപദേവനായ അയ്യപ്പനെയും ഭഗവതിയെയും വണങ്ങി കൊടിമരച്ചുവട്ടിലെത്തി.

ഭരണസമിതിയംഗങ്ങളായ ചെങ്ങറ സുരേന്ദ്രൻ, സി. മനോജ്, കെ.ആർ. ഗോപിനാഥ്, മനോജ് ബി. നായർ, വി.ജി. രവീന്ദ്രൻ എന്നിവർ ചേർന്ന് പ്രധാനമന്ത്രിക്ക് ഗുരുവായൂരപ്പന്റെ ദാരുശില്പവും കൃഷ്ണനും രാധയുമുള്ള ചുമർച്ചിത്രവും സമ്മാനിച്ചു. ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി. മനോജ്കുമാർ, ക്ഷേത്രം മാനേജർ സി. സുരേഷ് എന്നിവരും ഉണ്ടായിരുന്നു. കൊടിമരച്ചുവട്ടിൽ നിന്ന് ഒരിക്കൽക്കൂടി ഭഗവാനെ വണങ്ങി 8.23-ന് ഗോപുരത്തിനു പുറത്തേക്ക്.


പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി പ്രത്യേകം തയ്യാറാക്കിയത് ഇരുപതിലേറെ വിഭവങ്ങൾ. ഇളനീരും മസാലച്ചായയും കശുവണ്ടി, ഈത്തപ്പഴം തുടങ്ങിയവയും പ്രധാനമന്ത്രി കഴിച്ചു. പുട്ട്, മസാലദോശ, ഇടിയപ്പം, സാമ്പാർ, നാലുതരം ചട്‌നി, ഇസ്റ്റൂ, ചന്ന മസാല, ആലു പൊറോട്ട, അവിലുകൊണ്ടുള്ള പൊഹ, ചെറുപയറും അരിയും ചേർത്ത് പൊങ്കൽപോലെ തയ്യാറാക്കിയ ‘ഘഠി’ എന്ന പേരിലുള്ള വിഭവം എന്നിവയായിരുന്നു പ്രധാനപ്പെട്ടത്. ബദാം, പേരയ്ക്ക, തണ്ണിമത്തൻ, പൈനാപ്പിൾ, പിസ്ത, പപ്പായ ജ്യൂസ് തുടങ്ങിയവയും ഉണ്ടായിരുന്നു. ടൂറിസംവകുപ്പിന്റെ ഷെഫ് കെ.എം. അനൂപാണ് ഭക്ഷണം തയ്യാറാക്കിയത്.


ചതുർബാഹുവായ വിഷ്ണുരൂപത്തിലുള്ള ശ്രീരാമപ്രതിഷ്ഠയ്ക്കുമുന്നിൽ കൈകൂപ്പി പ്രധാനമന്ത്രി നരേന്ദ്രമോദി നിന്നു. അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയെന്ന നിലയിലാണ് തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലെത്തിയത്.

ഒന്നരമണിക്കൂറോളം ക്ഷേത്രത്തിനകത്ത് ചെലവഴിച്ച പ്രധാനമന്ത്രി ശേഷം തൃശ്ശൂർ വടക്കേമഠത്തിലെ വേദവിദ്യാർഥികളുടെ വേദപാരായണവും ഇരിങ്ങാലക്കുട നാദോപാസനയുടെ നേതൃത്വത്തിൽ നടന്ന ആധ്യാത്മരാമായണം കിളിപ്പാട്ടിന്റെ സംഗീതാവിഷ്കാരവും ഭജനയും കേട്ടു. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി തൃപ്രയാർ ക്ഷേത്രത്തിലെത്തുന്നത്.

വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിലെ ഹെലിപ്പാഡുമുതൽ ക്ഷേത്രകവാടംവരെ പ്രത്യേക വാഹനത്തിലായിരുന്നു യാത്ര. ആദ്യം ഗോശാലകൃഷ്ണനെ വണങ്ങിയ പ്രധാനമന്ത്രി എതിർവശത്തുള്ള മീനുട്ട് നടക്കുന്ന കടവിലേയ്ക്കിറങ്ങി. അരി, നെല്ല്, നെയ്യ്, ശർക്കര, നാളികേരക്കൊത്ത്, എള്ള് തുടങ്ങിയവ ചേർത്താണ് മീനൂട്ട് നടത്തിയത്. തുടർന്ന് നാലമ്പലത്തിനകത്തേക്ക് ദർശനത്തിനായി കയറി.

ഒരു കുടം നെയ്യ്, ഒരു കുല കദളിപ്പഴം, ഓരോ പാത്രം താമരപ്പൂവും തുളസിയും. തൃപ്രയാർ ശ്രീരാമന്റെ തൃപ്പടിയിൽ ഇതെല്ലാം സമർപ്പിച്ചാണ് മോദി ദർശനം നടത്തിയത്. കൂടാതെ പുരുഷസൂക്തം, ശ്രീരാമ അഷ്ടോത്തര പുഷ്പാർച്ചന എന്നീ വഴിപാടുകളും നടത്തി.

ക്ഷേത്രംതന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മനയ്ക്കൽ പദ്മനാഭൻ നമ്പൂതിരിപ്പാടിന്റെ കാൽ തൊട്ടുതൊഴുത പ്രധാനമന്ത്രിക്ക് അദ്ദേഹം തൃപ്രയാർ ശ്രീരാമപ്രതിഷ്ഠയെ വർണിക്കുന്ന ശ്ലോകം ആലേഖനംചെയ്ത ഫലകവും താമരമാലയും കളഭവും അടങ്ങിയ പ്രസാദവും നൽകി. ഉപദേവന്മാരായ ഗണപതിക്കും അയ്യപ്പനും ഗോശാലകൃഷ്ണനും പ്രധാനമന്ത്രി നെയ്‌ക്കുടം സമർപ്പിച്ചു. തന്ത്രിക്കൊപ്പം മേൽശാന്തിമാരായ കാവനാട് രവി നമ്പൂതിരിയും അഴകത്ത് രാമൻ നമ്പൂതിരിയുമാണ് ക്ഷേത്രത്തിലുണ്ടായിരുന്നത്.

ക്ഷേത്രത്തിലേക്ക് വരുമ്പോൾ കാറിൽനിന്ന് പുറത്തിറങ്ങാതിരുന്ന പ്രധാനമന്ത്രി മടക്കയാത്രയിൽ കാറിൽനിന്നിറങ്ങി ഇരുവശത്തും നിന്നവരെ കൈവീശി അഭിവാദ്യം ചെയ്തു. ഏതാനും അടി നടന്ന അദ്ദേഹം പിന്നീട് കാറിൽ കയറി ഡോറിൽ പിടിച്ചുനിന്ന് കാണികളെ അഭിവാദ്യം ചെയ്താണ് പോയത്. പ്രധാനമന്ത്രി വരുമ്പോഴും മടങ്ങിയപ്പോഴും കാത്തുനിന്ന ബി.ജെ.പി. പ്രവർത്തകർ പുഷ്പവൃഷ്ടി നടത്തി.

പാർട്ടി പതാകയും കട്ടൗട്ടുകളുമായി നിന്ന പ്രവർത്തകർ ആദ്യമായി പ്രധാനമന്ത്രി തങ്ങളുടെ നാട്ടിലെത്തുന്നതിന്റെ ആവേശത്തിലായിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കണ്ടതോടെ മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രവർത്തകർ സ്വീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ

ആലപ്പുഴ: ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ.പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി...

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയുള്ള വിമതർക്ക്; 61 കൊല്ലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

കോഴിക്കോട്: 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ...

നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ;അസ്വഭാവിക മരണത്തിന് കേസെടുത്തു, സഹപാഠികൾ തമ്മിൽ തര്‍ക്കം നടന്നതായി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന. അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു...

എറണാകുളത്ത് നിന്ന് പിടിച്ച് ആലപ്പുഴയിലേക്ക് പോകുംവഴി സംഘാംഗം ചാടിപ്പോയി; ന​ഗരത്തിൽ പൊലീസ് പരിശോധന

കൊച്ചി: കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി...

പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാനെന്ന് എം സ്വരാജ്; ‘കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ’ എന്നോണമാണ് സന്ദർശനം

പാലക്കാട്: വയനാട് ഉരുൾപൊട്ടലിൽ സഹായം നിഷേധിക്കുന്ന കേന്ദ്ര സ‍ർക്കാ‍ർ നിലപാടിൽ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങൾ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.