ജയ്പുര്‍: ബന്‍സ്‌വാഡയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാലത്തുണ്ടായ വിവാദ പ്രസംഗത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ബിജെപി ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റിനെ ബിജെപിയിൽ നിന്നും പുറത്താക്കി. പാർട്ടിയുടെ പ്രതിച്ഛായ മോശമാക്കി എന്ന കുറ്റം ആരോപിച്ച് ഉസ്മാൻ ഗനിയെന്ന ബിജെപി നേതാവിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
അടുത്തിടെ ന്യൂഡൽഹിയിലെ ഒരു വാർത്താ ചാനലിനോട് സംസാരിക്കവെ, രാജസ്ഥാനിലെ 25 ലോക്‌സഭാ സീറ്റുകളിൽ മൂന്ന് നാല് സീറ്റുകളും ബിജെപിക്ക് നഷ്ടപ്പെടുമെന്ന് ഗനി പറഞ്ഞിരുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് റാലികളിലെ മുസ്‌ലിംകളെക്കുറിച്ചുള്ള മോദിയുടെ പരാമർശങ്ങളെയും അദ്ദേഹം അപലപിച്ചിരുന്നു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആളുകളുടെ ഭൂമിയും സ്വത്തുക്കളുമെല്ലാമെടുത്ത് മുസ്ലിങ്ങള്‍ക്കിടയില്‍ വിതരണംചെയ്യുമെന്നായിരുന്നു മോദിയുടെ വിവാദ പരാമർശം. താൻ ഒരു മുസ്‌ലിം ആയതിനാൽ പ്രധാനമന്ത്രി പറഞ്ഞതിൽ നിരാശനാണെന്നാണ് ഗനി പറഞ്ഞത്. പ്രസംഗത്തിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണ്ണത്തിന്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെ സ്വത്തില്‍ മുസ്ലീങ്ങള്‍ക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
ഈ സ്വത്തുക്കളെല്ലാം കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കുമെന്നാണ് അതിനര്‍ഥം. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കു നല്‍കണോ? ഇത് നിങ്ങള്‍ക്ക് അംഗീകരിക്കാനാകുമോ?’ എന്നായിരുന്നു രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദിയുടെ പരാമര്‍ശം.