കൊച്ചി:സംസ്ഥാനത്തെ 10,000 ഇടങ്ങളിലേക്കു മൊബൈല്‍ നെറ്റ്വര്‍ക്ക് വ്യാപിപ്പിച്ചതോടെ കേരളത്തിലെ ഏറ്റവും വലുതും വേഗമേറിയതുമായ 4ജി നെറ്റ് വര്‍ക്കായി ജിയോ.മുകേഷ് അംബാനിയുടെ കമ്പനിയ്ക്കിപ്പോള്‍ കേരളത്തില്‍ 86 ലക്ഷത്തിലധികം വരിക്കാരുണ്ട്. സിമ്മുകളുടെ ലഭ്യത, എളുപ്പത്തിലുള്ള കണക്ക്ഷന്‍, ജിയോ ടിവി, ജിയോ മ്യൂസിക്, ജിയോ സിനിമ തുടങ്ങിയ ജിയോ ആപ്പുകളും അണ്‍ലിമിറ്റഡ് ഡേറ്റാ സേവനവുമാണ് ഇതര സംസ്ഥാനങ്ങളിലെ സ്വീകര്യത കേരളത്തിലും നേടാന്‍ ജിയോയെ സഹായിച്ചത്.
36 മാസങ്ങള്‍ക്ക് മുന്‍പ് രാജ്യത്തെ ഓരോ പൗരനിലേക്കും ഇന്റ്റര്‍നെറ്റും മൊബൈല്‍ നെറ്റ്വര്‍ക്കും എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ച റിലയന്‍സ് ജിയോ ആഗോള മൊബൈല്‍ ഡേറ്റാ ഉപഭോക്താക്കളുടെ പട്ടികയില്‍ ഇന്ത്യയെ ഒന്നാമതെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചതായി കമ്പനി അവകാശപ്പെടുന്നു. 2019 ഓഗസ്റ്റ് മാസം 34.8 കോടി വരിക്കാരുമായി വോഡഫോണ്‍-ഐഡിയയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്റര്‍മാരായി ജിയോ മാറിയിരുന്നു.
കമ്പനിയുടെ ഫീച്ചര്‍ സ്മാര്‍ട്‌ഫോണായ ജിയോ ഫോണ്‍ ഇപ്പോള്‍ 699 രൂപയ്ക്ക് ലഭ്യമാകും. നേരത്തെ 1,500 രൂപയ്ക്കു നല്‍കിവന്ന ഫോണാണ് 699 രൂപ നിരക്കില്‍ ജിയോ ഇപ്പോള്‍ ലഭ്യമാക്കുന്നത്.ദീപാവലി ഓഫറിന്റെ കാലാവധി ജിയോ നീട്ടുകയായിരുന്നു.