മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം ഒന്നാം സ്ഥാനത്തുള്ള രാജ്യം ഇതാണ്
ദില്ലി: പ്രതിമാസ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ലോക ശരാശരിയേക്കാള്‍ അധികം ഉപയോഗിച്ച് ഇന്ത്യക്കാര്‍. ടെലികോം റെഗുലേറ്ററി അതോററ്റി (ട്രായി) പുറത്ത് വിട്ട കണക്ക് പ്രകാരം ഒരു ഇന്ത്യക്കാരന്‍ ശരാശരി ഇന്റര്‍നെറ്റ് ഉപയോഗം 9.73ജിബിയാണ്. എന്നാല്‍ ആഗോളതലത്തില്‍ ഇത് 4 ജിബിയാണ്.
ഇന്റര്‍നെറ്റിനായി ഇന്ത്യക്കാര്‍ ചിലവഴിക്കുന്ന തുകയിലും നാലുവര്‍ഷത്തിനിടെ വലിയ കുറവ് വന്നിട്ടുണ്ട്. 2015 ല്‍ ഒരു ജിബിക്ക് 225 രൂപയാണ് ഇന്ത്യയിലെ വില ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു ജിബിയുടെ വില 11.79 രൂപയായി കുറഞ്ഞു. നാല് വര്‍ഷത്തില്‍ ഇന്ത്യയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം 56 ശതമാനം വര്‍ദ്ധിച്ചതായി ട്രായി പറയുന്നു.
2016 ല്‍ 4ജിയുടെ കടന്നുവരവോടെയാണ് ഇന്ത്യന്‍ ടെലികോം മേഖലയില്‍ മാറ്റം സംഭവിച്ചത് എന്നാണ് ട്രായി പറയുന്നു. പ്രധാനമായും ജിയോയുടെ കടന്നുവരവാണ് വലിയ മാറ്റം സൃഷ്ടിച്ചത്. 2018ല്‍ ഡാറ്റ ഉപയോഗത്തില്‍ 83.85 ശതമാനവും 4ജിയാണ് ഉപയോഗിക്കുന്നത്. 2020 ഓടെ ഇന്ത്യയില്‍ 5ജി എത്തിയേക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.