NationalNews

‘എം.എൽ.എമാരെ വിലയ്ക്കുവാങ്ങാം, ജനങ്ങളെ വാങ്ങാൻ കഴിയില്ല’; സിബിഐക്ക് മുന്നിൽ ഹാജരാകാതെ അഖിലേഷ് യാദവ്

ലഖ്‌നൗ: അനധികൃത മണൽഖനന കേസിൽ സമാജ് വാദി പാർട്ടി പ്രസിഡന്റും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് സിബിഐയ്ക്ക് മുന്നിൽ ഹാജരായില്ല. ബിജെപിയുടെ ഏജൻസി ആയാണ് സിബിഐ പ്രവർത്തിക്കുന്നതെന്നും അതിനാലാണ് ഹാജരാകാതിരുന്നതെന്നും അഖിലേഷ് പറഞ്ഞു. ലഖ്നോയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസിൽ സാക്ഷിയായി ഡൽഹിയിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നുകാണിച്ച് കഴിഞ്ഞ ദിവസമാണ് അഖിലേഷിന് സിബിഐ നോട്ടീസ് അയച്ചിരുന്നത്. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾകാരണം നേരിട്ട് ഹാജാകാൻ കഴിയില്ലെന്ന് അദ്ദേഹം അഭിഭാഷകൻ മുഖേന സിബിഐയെ അറിയിക്കുകയായിരുന്നു.

ബിജെപിയുടെ ഘടകമായി സിബിഐ പ്രവർത്തിക്കുന്നതിന് തെളിവാണ് തിരഞ്ഞെടുപ്പ് സമയത്തുള്ള ഇത്തരം നോട്ടീസുകളെന്ന് അഖിലേഷ് പറഞ്ഞു. ജനാധിപത്യത്തെയും ഭണഘടനയെയും സംരക്ഷിക്കാൻ ശ്രമിക്കുന്നവരും രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവരും തമ്മിലുള്ള തിര‍ഞ്ഞെടുപ്പ് പോരാട്ടമാണ് നടക്കാനിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സിബിഐയുടെ നോട്ടീസിനെതിരെ നേരത്തെയും അഖിലേഷ് വിമർശനം ഉന്നയിച്ചിരുന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും സമാജ് വാദി പാർട്ടിയെ ആയിരുന്നു ബിജെപി ലക്ഷ്യംവെച്ചിരുന്നത്. അന്നും സമാനമായ ഒരുപാട് നോട്ടീസുകൾ തനിയ്ക്ക് ലഭിച്ചിരുന്നു. ഇന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നോട്ടീസ് വരികയാണ്. തിരഞ്ഞെടുപ്പ് എത്തുമ്പോൾ സമൻസുകൾ വരുമെന്ന് അറിയാം. കഴിഞ്ഞ 10 വർഷം ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ എന്തിനാണ് ബിജെപി ഇത്ര പരിഭ്രാന്തരാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

ദുർബലാവസ്ഥയിലുള്ള ബിജെപി, അധികാരം പിടിക്കാനായി മറ്റുപാർ‌ട്ടികളിലെ നിയമസഭാം​ഗങ്ങളെ വേട്ടയാടാനാണ് ശ്രമിക്കുന്നത്. നിങ്ങൾക്ക് എംഎൽഎമാരെ വിലയ്ക്ക് വാങ്ങാം, എന്നാൽ ജനങ്ങളെ വാങ്ങാൻ കഴിയില്ലെന്നും അഖിലേഷ് പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ എസ്പി എംഎൽഎമാർ ബിജെപിക്ക് വോട്ടുചെയ്ത സംഭവത്തിലായിരുന്നു അഖിലേഷിന്റെ പ്രതികരണം.

അഖിലേഷ് യുപി മുഖ്യമന്ത്രിയായിരുന്ന 2012-2016 കാലയളവിൽ ഇ-ടെൻഡറിങ് നടപടിക്രമങ്ങൾ ലംഘിച്ച് ഖനനം നടത്താൻ അനുമതി നൽകിയെന്നാണ് സിബിഐയുടെ കേസ്. ഉത്തർപ്രദേശിലെ ഹമ്രിപ്പുരിൽ അനധികൃതമായി ഖനനം നടത്താൻ സർക്കാർ ഉദ്യോഗസ്ഥർ കൂട്ടുനിന്നു എന്നാണ് 2019 ജനുവരിയിൽ രജിസ്റ്റർചെയ്ത എഫ്.ഐ.ആറിൽ ആരോപിക്കുന്നത്. അലഹബാദ് ഹൈക്കോടതിയാണ് സംഭവം അന്വേഷിക്കാൻ ഉത്തരവിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button