തിരുവനന്തപുരം: എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ട് വെട്ടിക്കുറച്ചു. അഞ്ചുകോടിയില്‍ നിന്ന് ഒരു കോടിയായാണ് കുറച്ചത്. വെട്ടിക്കുറച്ച നാല് കോടി കൊവിഡ് പ്രതിരോധത്തിനായി പിടിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ആസ്തിവികസന ഫണ്ട് വെട്ടിക്കുറയ്ക്കുന്നത് പുനരാലോചിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് നടപടി. ഇതിലൂടെ 560 കോടി രൂപയാണ് സര്‍ക്കാരിന് ലഭിക്കുന്നത്.
ഇന്ധന വില വര്‍ധനയെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം നടന്നിരിന്നു. അധിക വരുമാനം സംസ്ഥാനം വേണ്ടെന്നു വയ്ക്കണമെന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ വില വര്‍ധനയുടെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനല്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
ഇന്ധന വില വര്‍ധനയ്‌ക്കെതിരെ എന്‍. ഷംസുദ്ദീന്‍ എംഎല്‍എയാണ് അടിയന്തപ്രമേയ നോട്ടീസ് നല്‍കിയത്. പെട്രോള്‍, ഡീസല്‍ വിലവര്‍ധന മൂലം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഖജനാവിലേക്ക് പണം കണ്ടെത്താനുള്ള മികച്ച മാര്‍ഗമായി കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഇന്ധന വിലയെ കാണുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. പെട്രോള്‍ വിലയല്ല നികുതിയാണ് കൂടുന്നതെന്നും ജനങ്ങളെ പിഴിഞ്ഞ് കിട്ടുന്നത് പോന്നോട്ടെ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നയമെന്നും ഷംസുദീന്‍ കുറ്റപ്പെടുത്തി.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഏഴ് തവണ അധിക വരുമാനം വേണ്ടെന്നുവച്ചു. ആ മാതൃക എന്ത് കൊണ്ട് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പാവങ്ങളുടെ സര്‍ക്കാര്‍ എന്ന് പറയുമ്പോള്‍ എന്ത് കൊണ്ട് സഹായിക്കുന്നില്ല കോവിഡ് കാലത്ത് എങ്കിലും അധിക നികുതി ഒഴിവാക്കണമെന്നും ഷംസുദീന്‍ സഭയില്‍ പറഞ്ഞു.
ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടുവന്നാല്‍ എന്താണ് കുഴപ്പമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചു. അതേസമയം ഇന്ധന വില വര്‍ധന സ്ഥിതി ഗുരുതരമാണെന്ന് ധനമന്ത്രി പറഞ്ഞു. പക്ഷേ വില വര്‍ധനവില്‍ ഉത്തരവാദിത്തം സംസ്ഥാനത്തിന് അല്ല. മറ്റു സംസ്ഥാനങ്ങളിലെ അത്ര നികുതി കേരളത്തില്‍ ഇല്ല. സംസ്ഥാനത്തെ വിമര്‍ശിക്കുന്ന പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ നോട്ടീസില്‍ ഒന്നും പറയുന്നില്ല.
ഒന്നാം മോദി സര്‍ക്കാര്‍ കാലത്ത് കോണ്‍ഗ്രസ് ഇന്ധന വില വര്‍ധനവില്‍ നിശബ്ദരായിരുന്നു. ഇന്ത്യയില്‍ കൂടുതല്‍ നികുതി കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ്. ഇന്ധനവില വര്‍ധനക്കെതിരെ ഒരുമിച്ചു നില്‍ക്കാം പക്ഷെ സഭ നിര്‍ത്തി ചര്‍ച്ച വേണ്ടെന്നും ധനമന്ത്രി സഭയില്‍ പറഞ്ഞു. 37 ദിവസം കൊണ്ട് 21 തവണ വില കൂട്ടിയെന്ന് സതീശന്‍ പറഞ്ഞു. നടക്കുന്നത് നികുതി കൊള്ളയാണ്. 40 ശതമാനം മുതല്‍ 50 ശതമാനം വരെ സംസ്ഥാനത്തു നികുതി കൂടി. നികുതി കുറച്ചില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ എങ്കിലും കൊടുക്കണം.
കെഎസ്ആര്‍ടിസി ബസിനും മത്സ്യ ബന്ധന ബോട്ടുകള്‍ക്കും ഓട്ടോ ടാക്‌സികള്‍ക്കും ഇളവ് കൊടുത്തു കൂടെയെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ ചോദിച്ചു. ഇവര്‍ക്ക് ഫ്യൂല്‍ സബ്സിഡി എങ്കിലും കൊടുക്കണം. കേന്ദ്രം വില കൂട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്ളില്‍ സന്തോഷിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ധനമന്ത്രിയുടെ മറുപടിയോടെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.