നികുതി അടയ്ക്കാന്‍ പോലും പണമില്ല; ഇങ്ങനെയൊരവസ്ഥ ജീവിതത്തില്‍ ആദ്യമെന്ന് കങ്കണ റണൗട്ട്
മുംബൈ: വിവാദ പ്രസ്താവനകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ബോളിവുഡ് നടിയാണ് കങ്കണ റണൗട്ട്. കൊവിഡിനെപ്പറ്റിയും മറ്റും നടത്തിയ താരത്തിന്റെ അശാസ്ത്രീയ പ്രസ്താവനകളും പിന്നീടുള്ള തിരുത്തലും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ ലോക്ഡൗണ്‍ തന്നെ സാമ്പത്തികമായി തന്നെ പിന്നോട്ടടിച്ചുവെന്ന് തുറന്നു പറയുകയാണ് കങ്കണ. ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന താരമെന്ന ഖ്യാതി നേടിയ നടി കൂടിയായ കങ്കണ തനിക്കിപ്പോള്‍ നികുതി അടയ്ക്കാന്‍ കൂടി കഴിയുന്നില്ലെന്നാണ് പറയുന്നത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ മനസ്സുതുറന്നത്.
പുതിയ പ്രോജക്ടുകളൊന്നുമില്ലാത്തത് വരുമാനത്തെ ബാധിച്ചെന്നും വര്‍ഷാവര്‍ഷം അടയ്ക്കേണ്ട നികുതിയുടെ പകുതിയാണ് കഴിഞ്ഞവര്‍ഷം ഒടുക്കിയതെന്നും കങ്കണ പറയുന്നു. സര്‍ക്കാര്‍ പലിശ ഈടാക്കിയാലും പ്രശ്നമില്ലെന്നും കങ്കണ പറഞ്ഞു.
‘വരുമാനത്തിന്റെ 45 ശതമാനം നികുതി നല്‍കുന്നയാളാണ് ഞാന്‍. ഏറ്റവും കൂടുതല്‍ നികുതി സര്‍ക്കാരിന് നല്‍കുന്ന ബോളിവുഡ് നടിയെന്ന പദവിയും എനിക്ക് സ്വന്തമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി പുതിയ പ്രോജക്ടുകളൊന്നുമില്ല. കഴിഞ്ഞ വര്‍ഷത്തെ നികുതിയുടെ പകുതി മാത്രമാണ് ആകെ അടച്ചത്. ഇതാദ്യമാണ് ഇങ്ങനൊരു അവസ്ഥ ജീവിതത്തില്‍ നേരിടുന്നത്,’ കങ്കണ പറയുന്നു.
നികുതി കുടിശ്ശികയ്ക്ക് മേല്‍ സര്‍ക്കാര്‍ പലിശ ഈടാക്കുന്നുണ്ടെന്നും എന്നാല്‍ അതിനെ താന്‍ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുന്നുവെന്നും കങ്കണ പറഞ്ഞു. വ്യക്തിപരമായി എല്ലാവര്‍ക്കും നഷ്ടങ്ങള്‍ നേരിടുന്ന കാലഘട്ടമാണിതെന്നും എത്രയും പെട്ടെന്ന് എല്ലാം ശരിയാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും കങ്കണ പറഞ്ഞു.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയാണ് കങ്കണയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. കൊവിഡ് വ്യാപനത്തോടെ ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്.