കോട്ടയം: കോട്ടയത്ത് നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ അതേപാറമടക്കുളത്തില്‍ നിന്ന് മകളുടെ മൃതദേഹവും കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ വീട്ടില്‍ നിന്നു കാണാതായ വീട്ടമ്മയുടെയും മകളുടെയും മൃതദേഹമാണ് പനച്ചിക്കാട് നെല്ലിക്കല്‍ റോഡിലെ പാറമടയില്‍ നിന്നു കണ്ടെത്തിയത്. ആദ്യം അമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ തെരച്ചിലിലാണ് മകളുടെ മൃതദേഹം കണ്ടെത്തിയത്.
പനച്ചിക്കാട് പള്ളത്ര ഭാഗത്ത് കരോട്ടു മാടപ്പള്ളിയില്‍ വല്‍സമ്മ (ഓമന -59), മകള്‍ ധന്യ (37) എന്നിവരുടെ മൃതദേഹമാണ് പനച്ചിക്കാട്ടു പുലിയാട്ടുപാറയിലെ കുളത്തില്‍ നിന്നു കണ്ടെത്തിയത്. ഇരുവരെയും തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ ചിങ്ങവനം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പാറക്കുളത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഓമനയുടെ മൃതദേഹം കണ്ടെത്തിയത്.
കടബാധ്യതയെ തുടര്‍ന്നുള്ള കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് വീട്ടില്‍ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പില്‍ ഉള്ളതായായാണ് വിവരം. ഭര്‍ത്താക്കന്മാര്‍ അറിയാതെ രണ്ടു പേരും ചില സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നു വീട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വഴക്കുമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും വീട്ടില്‍ നിന്നും കാണാതായത്.
ചൊവ്വാഴ്ച പുലര്‍ച്ചെയോടെ പാറക്കുളത്തില്‍ മൃതദേഹം കണ്ടതായി നാട്ടുകാരാണ് വിവരം ചിങ്ങവനം പോലീസില്‍ അറിയിച്ചത്. തുടര്‍ന്നു വിവരം അറിഞ്ഞ് അഗ്‌നിരക്ഷാ സേനയും ചിങ്ങവനം പോലീസ് സംഘവും സ്ഥലത്ത് എത്തി. ആദ്യം ഓമനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ധന്യയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി.