താനൂരിൽനിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിനികളെ കേരള പോലീസിന് കൈമാറി; ഇന്ന്‌ കേരളത്തിലെത്തിക്കും

മലപ്പുറം: താനൂരില്‍നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിനികളെ ശനിയാഴ്ച കേരളത്തിലെത്തിക്കും. പൂനയിൽനിന്ന് കണ്ടെത്തിയ കുട്ടികളെ താനൂർ പോലീസിന് കൈമാറിയിട്ടുണ്ട്. വിദ്യാര്‍ഥിനികളുമായി പൂനെയില്‍ നിന്നും മടങ്ങിയ പോലീസ് സംഘം ശനിയാഴ്ച ഉച്ചയോടെ താനൂരിലെത്തും.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് പൂനെയ്ക്കടുത്തുള്ള ലോണാവാലാ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടികളെ ആര്‍പിഎഫ് കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കേരള പോലീസും റെയില്‍വേ പോലീസും നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടികളെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിച്ചത്.

കുട്ടികളെ കണ്ടെത്തിയതിലുള്ള ആശ്വാസം പെണ്‍കുട്ടികളുടെ കുടുംബം പങ്കുവെച്ചിരുന്നു. ഇവര്‍ കുട്ടികളുമായി വീഡിയോ കോളില്‍ സംസാരിച്ചു. സ്‌കൂളിലേക്ക് എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ പെണ്‍കുട്ടികളില്‍ ഒരാളുടെ കൈയില്‍ അഞ്ച് രൂപയും മറ്റൊരാളുടെ കൈയില്‍ 200 രൂപയുമാണ് ഉണ്ടായിരുന്നത്. യാത്രക്കിടെ ഇരുവരും മൊബൈല്‍ ഫോണും വസ്ത്രങ്ങളും വാങ്ങുകയും സലൂണില്‍ പോയി മുടി മുറിക്കുകയും ചെയ്തു. ഇതിനുള്ള പണം എങ്ങനെയാണ് കുട്ടികള്‍ കണ്ടെത്തിയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടികളെ തിരികെയെത്തിച്ചതിന് ശേഷം കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുമെന്നും കൗണ്‍സിലിങ് ഉള്‍പ്പെടെ നല്‍കുമെന്ന് മലപ്പുറം എസ്പി ആര്‍. വിശ്വനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്ക് 11-ഓടെയാണ് താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി വീട്ടില്‍നിന്നിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥിനികളെ കാണാതായത്. പിന്നീട് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എടവണ്ണ സ്വദേശിക്കൊപ്പം കോഴിക്കോട്ടുനിന്ന് കുട്ടികള്‍ മുംബൈയിലേക്ക് പോയതായി പോലീസിന് വിവരം ലഭിച്ചു.

അന്വേഷണത്തിനൊടുവില്‍ മഹാരാഷ്ട്രയിലെ ലോണാവാല സ്റ്റേഷനില്‍നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ചെന്നൈ-എഗ്മോര്‍ എക്സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന പെണ്‍കുട്ടികളെ കേരള പോലീസ് കൈമാറിയ ഫോട്ടോ ഉപയോഗിച്ചാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News