പേഴ്സിൽ 500-ന്റെ കെട്ടുകൾ, പ്രതികാരം പോലെ മുടിമുറിയ്ക്കല്‍, മോഡേൺ ലുക്കാണ് വേണ്ടതെന്ന് പറഞ്ഞു:മുംബൈയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ

മുംബൈ: താനൂരില്‍നിന്ന് പ്ലസ് വണ്‍ കുട്ടികളെ കാണാതായ സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി മുംബൈയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ലൂസി. ഇത്ര നല്ലമുടി എന്തിനാണ് മുറിച്ചുകളയുന്നതെന്ന് താന്‍ ചോദിച്ചപ്പോള്‍, തങ്ങള്‍ക്ക് ഇപ്പോഴത്തെ ലുക്ക് ഇഷ്ടമില്ലാത്തതുകൊണ്ടാണെന്നും മോഡേണ്‍ ലുക്കാണ് വേണ്ടതെന്നും കുട്ടികള്‍ പറഞ്ഞതായി ലൂസി പറഞ്ഞു. മുടി മുറിച്ചുകളഞ്ഞപ്പോള്‍ കുട്ടികള്‍ ഒരു പ്രതികാരം ചെയ്യുന്നതുപോലെ തോന്നി. കുട്ടികളുടെ പേഴ്‌സില്‍ 500 രൂപയുടെ നോട്ടുകെട്ടുകള്‍ ഉണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ലൂസിയുടെ വാക്കുകള്‍:

ചെറിയ സംശയം തോന്നിയിരുന്നു, എന്നാല്‍, വീട്ടില്‍നിന്ന് ഇറങ്ങിപ്പോന്നതാണെന്ന് തോന്നിയില്ല. സുഹൃത്തുക്കളുമായി ചേര്‍ന്ന് വന്നതാകാമെന്നാണ് കരുതിയത്. അത്രയും നീളമുള്ള മുടി മുറിച്ചുകളഞ്ഞപ്പോള്‍ ഒരു റിവെഞ്ച് ചെയ്യുന്നപോലെ തോന്നി. എത്രയോ ബുദ്ധിമുട്ടിയാവാം അത്രയും നീളത്തില്‍ ആ മുടി ഉണ്ടാക്കിയത്. അത് മുറിച്ച് പകുതിയാക്കി. ഇപ്പോള്‍ എനിക്ക് തോന്നുന്നു അത് മാതാപിതാക്കളോടുള്ള റിവെഞ്ച് ആയിരുന്നു എന്ന്.

ഹിന്ദിയും ഇംഗ്ലീഷും അറിയുമായിരുന്നില്ല. അവര്‍ പറയുന്നതില്‍ തന്നെ പരസ്പരവിരുദ്ധമായി കാര്യങ്ങളുണ്ടായിരുന്നു. മുഖം മുഴുവന്‍ മറച്ചാണ് എത്തിയത്. കണ്ണുമാത്രം കാണുന്ന രീതിയില്‍ ദുപ്പട്ടവെച്ച് മറച്ചാണ് വന്നത്. എന്തൊക്കെയോ സംശയങ്ങള്‍ തോന്നിയിരുന്നു. ചോദിച്ചുവന്നപ്പോള്‍ അവര്‍ പറയുന്ന പലകാര്യങ്ങളും കള്ളമാണെന്ന് തോന്നി.

കല്യാണത്തിനിടുന്ന ഡ്രസ് ഏതാണെന്ന് ചോദിച്ചപ്പോള്‍ പാന്റും ഷര്‍ട്ടുമാണെന്ന് പറഞ്ഞു. ഏത് ജാതിക്കാരുടെ, ആരുടെ കല്യാണം ആണെന്ന് ചോദിച്ചപ്പോള്‍ അറിയില്ല, ഇന്‍സ്റ്റഗ്രാം സുഹൃത്താണെന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞപ്പോള്‍ കള്ളമാണെന്ന് തോന്നിയിരുന്നു, ചിലപ്പോള്‍ നമ്മളുടെ അടുത്ത് പറയാനുള്ള ബുദ്ധിമുട്ടുകൊണ്ടാവുമെന്ന് തോന്നി. സുഹൃത്തുക്കള്‍ വണ്ടിയുമായി വരുമെന്നാണ് പറഞ്ഞത്.

നമ്മള്‍ ആരോടെങ്കിലും ചാര്‍ജ് പറയുമ്പോള്‍ സാധാരണ നിലിയില്‍ ഡിസ്‌കൗണ്ട് ചോദിക്കാറുണ്ട്. എന്നാല്‍, എത്രയാണെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമില്ലെന്ന് കുട്ടി പറഞ്ഞു. പേയ്‌മെന്റ് ചെയ്യുമ്പോള്‍ പേഴ്‌സ് തുറന്നപ്പോള്‍ അതിനകത്ത് 500-ന്റെ ബണ്ടിലുകള്‍ ഉണ്ടായിരുന്നുവെന്ന് മാനേജര്‍ പറയുന്നുണ്ട്. വാര്‍ത്തകള്‍ വന്നപ്പോള്‍ സ്റ്റാഫുകള്‍ കുട്ടികളുടെ കൈയില്‍ ഒരുപാട് പണമുണ്ടെന്ന് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News