ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം:ഇരുചക്രവാഹനയാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഡ്രൈവിംഗ് ലൈസന്‍സ് തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ സബ്ബ് ഇന്‍സ്പെക്ടറെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. കൊല്ലം റൂറല്‍ ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അജിത്ത് കുമാറിനാണ് സസ്പെന്‍ഷന്‍.

ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന സമയത്ത് മദ്യപിച്ച് ഇരുചക്രവാഹനയാത്രക്കാരിയെ തടഞ്ഞ് മോശം വാക്കുകള്‍ പ്രയോഗിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെത്തുടര്‍ന്നാണ് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി രവി സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

കൈക്കൂലി ആരോപണത്തില്‍ മുന്‍ ഉപ്പുതറ ഇന്‍സ്‌പെക്ടറും എസ്‌ഐയും ഉള്‍പ്പെടെ മൂന്നു പേരെ ഇന്നു രാവിലെ സസ്‌പെന്‍ഷന്‍ഡ് ചെയ്തിരുന്നു.കള്ളനോട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് മുന്‍ ഉപ്പുതറ ഇന്‍സ്‌പെക്ടര്‍ എസ് എം റിയാസിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

നിലവില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടറാണ് ഇദ്ദേഹം. കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ആണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതേ കേസില്‍ മുന്‍ ഉപ്പുതറ എസ്‌ഐ ചാര്‍ലി തോമസ്, ഉപ്പുതറ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ടോണീസ് തോമസ് എന്നിവരെയും അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇടുക്കി തങ്കമണി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആണ് ചാര്‍ലി തോമസ്. ദക്ഷിണ മേഖലാ ഐ ജി ഹര്‍ഷിത അട്ടല്ലൂരി ആണ് ഇരുവരെയും സസ്‌പെന്റ് ചെയ്തത്. മൂന്നുപേര്‍ക്കെതിരെയും അന്വേഷണം നടത്താനും ശുപാര്‍ശയുണ്ട്. ഇടുക്കി ഡിസിബി ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News