തിരുവനന്തപുരം:ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിയെ അനുകൂലിച്ച് കെസിബിസി. അതേസമയം വിധിയെ എതിർത്ത് മുസ്ലിം സംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി. സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ഏറെ നാളായുള്ള ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്നായിരുന്നു കെസിബിസി നിലപാട്.
ന്യൂനപക്ഷ ക്ഷേമപദ്ധതി ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്തുകൊണ്ടായിരുന്നു കെസിബിസി പ്രതികരണം. ജനസംഖ്യാനുപാതികമായി ക്ഷേമ പദ്ധതികൾ നടപ്പാക്കണമെന്നത് ക്രൈസ്തവ സഭകളുടെ ഏറെ നാളായുള്ള ആവശ്യമാണെന്ന് കെസിബിസി വക്താവ് ഫാ ജേക്കബ് പാലക്കാപ്പള്ളി അഭിപ്രായപ്പെട്ടു.
ഹൈകോടതി വിധി വിഷയം ആഴത്തിൽ മനസ്സിലാക്കാതെയാണെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. സച്ചാർ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലോളി കമ്മിറ്റി ശുപാർശ ചെയ്ത പ്രകാരമാണ് 2015ലെ ഒരു ഉത്തരവിലുടെ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ആവിഷ്കരിച്ചത്. മുസ്ലിംകളുടെ വിദ്യാഭ്യാസപരവും സാമൂഹികവും തൊഴിൽപരവുമായ ഉന്നതിയാണ് അതിലൂടെ ലക്ഷ്യമിട്ടത്. ഇതര ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കാവുന്നതേയുള്ളൂ. വിധിക്കെതിരെ അപ്പീൽ പോകുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹൈക്കോടതിയുടെ വിധി മുസ്‌ലിം സമുദായത്തോടുള്ള അനീതിയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എംഐ അബ്ദുൽ അസീസ് പറഞ്ഞു. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ആരംഭിച്ചതിന്റെ പശ്ചാത്തലം മനസ്സിലാക്കാതെയുള്ളതാണ് ഹൈക്കോടതി വിധി തീർപ്പ്. വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്നും ജമാഅത്ത് അമീർ ആവശ്യപ്പെട്ടു. ഇത് നൂറ് ശതമാനവും മുസ്‌ലിം സമുദായത്തിന് അവകാശപ്പെട്ടതാണ്. പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് ജനസംഖ്യാനുപാതികമായി ക്ഷേമപദ്ധതികൾ വീതം വെക്കണമന്ന വിധി അംഗീകരിക്കാനാവില്ല.
ഓരോ സമുദായത്തിന്റെയും പിന്നാക്കാവസ്ഥക്ക് ആനുപാതികമായാണ് പദ്ധതികൾ നടപ്പിലാക്കേണ്ടത്. ഓരോ ന്യൂനപക്ഷ വിഭാഗങ്ങളുടെയും പിന്നാക്കാവസ്ഥ പഠിച്ച് ആവശ്യമെങ്കിൽ അതാത് വിഭാഗങ്ങൾക്കാവശ്യമായ ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതാണ് ശരിയായ നിലപാട്.
രാജ്യത്തെ ദലിത് വിഭാഗങ്ങളേക്കാൾ പിന്നാക്കമാണെന്ന് സച്ചാർ കമ്മിറ്റി ചൂണ്ടിക്കാട്ടിയ മുസ്‌ലിം സമുദായത്തിന് ലഭ്യമായ ആനുകുല്യങ്ങൾ പോലും നിഷേധിക്കപ്പെടുമെന്നതിനാൽ അടിയന്തിര സ്വഭാവത്തിൽ അപ്പീൽ സമർപ്പിക്കാൻ സംസ്ഥാന സർക്കാറിന് ബാധ്യതയുണ്ടെന്നും എംഐ അബ്ദുൽ അസീസ് ചൂണ്ടിക്കാട്ടി.