25.5 C
Kottayam
Friday, June 5, 2026

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: യുഡിഎഫിൽ ആശയക്കുഴപ്പം,അഭിപ്രായ ഭിന്നതയും, വി.ഡി.സതീശനെ തള്ളി മുസ്ലിം ലീഗ്

Must read

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പിനെ ചൊല്ലി യുഡിഎഫിൽ ആശയക്കുഴപ്പവും അഭിപ്രായ ഭിന്നതയും രൂക്ഷം. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിൽ മുസ്ലീം സമുദായത്തിന് നഷ്ടമുണ്ടായെന്ന് ഇന്നലെ കാസര്‍കോട് പറഞ്ഞ സതീശൻ ഇന്ന് രാവിലെ കോട്ടയത്ത് വച്ച് ആ അഭിപ്രായം തിരുത്തി പറഞ്ഞു. ഏതെങ്കിലും സമുദായത്തിന് കിട്ടി കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളിൽ നിലവിൽ കുറവ് വരുന്നില്ലെന്ന് 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി നടപടിയെ പിന്തുണച്ച് കൊണ്ട് സതീശൻ ഇന്ന് പറഞ്ഞു. എന്നാൽ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും സ്വീകരിച്ച നിലപാടിലേക്ക് പ്രതിപക്ഷ നേതാവ് എത്തിയതോടെ രൂക്ഷവിമര്‍ശനവുമായി മുസ്ലീം ലീഗ് രംഗത്ത് എത്തി.

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം മാറ്റിയ ഹൈക്കോടതി വിധിയോടെ മുസ്ലീം സമുദായത്തിന് നഷ്ടമുണ്ടായിട്ടില്ലെന്നാണ് വി.ഡി.സതീശൻ പറയുന്നതെങ്കിൽ അതു തെറ്റാണെന്നും അനുപാതം എടുത്തു കളയുന്നതോടെ മുസ്ലീം സമുദായത്തിൻ്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ നിയമിക്കപ്പെട്ട സച്ചാര്‍ കമ്മീഷൻ ശുപാര്‍ശയാണ് ഇല്ലാതായത് എന്നത് വലിയ നഷട്മാണെന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.

ന്യൂനപക്ഷ സ്കോളര്‍ഷിപ്പിൽ 80:20 അനുപാതം നിശ്ചയിച്ചത് വിഎസ് സര്‍ക്കാരാണ്. അതും തെറ്റും അനീതിയുമാണ് നൂറ് ശതമാനം മുസ്ലീം വിദ്യാര്‍ത്ഥികൾക്ക് നൽകേണ്ട സ്കോളര്‍ഷിപ്പാണ് ഇത്. അതിനെയാണ് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായി വിഭജിച്ച് നൽകിയത്. അതാണ് കോടതി ഇടപെട്ട് തള്ളിയതും. തെറ്റുകൾ തിരുത്തി സ്കോളര്‍ഷിപ്പ് പുനസ്ഥാപിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ മുസ്ലീം ലീഗിൻ്റെ നിലപാട് വ്യക്തമാണ്. അക്കാര്യം മനസിലാക്കാൻ പ്രതിപക്ഷ നേതാവിന് സാധിച്ചോ എന്നറിയില്ല. സച്ചാര്‍ കമ്മീഷൻ റിപ്പോര്‍ട്ടിലെ ഒരു ശുപാര്‍ശയും കേരളത്തിൽ നടക്കില്ല എന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇക്കാര്യം തിരിച്ചറിയാൻ സര്‍ക്കാരും പ്രതിപക്ഷനേതാവും തയ്യാറാവണം – ഇടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

- Advertisement -

ന്യൂനപക്ഷ സ്കോളർഷിപ്പിലെ മാറ്റങ്ങൾ മൂലം മുസ്ലീം സമുദായത്തിന് നഷ്ടമുണ്ടായെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അങ്ങനെ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്നും സതീശന്‍ ഇന്ന് രാവിലെ 11 മണിക്ക് കോട്ടയത്ത് പറഞ്ഞത്. നിലവിലുള്ള സ്കോളര്‍ഷിപ്പ് കുറയ്ക്കാത്തതിനെയും മറ്റ് സമുദായത്തിന് കൂടി ആനുപാതികമായി സ്കോളര്‍ഷിപ്പ് കൊടുക്കാനുള്ള തീരുമാനത്തെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ മുസ്ലീം ലീഗിന്‍റെ പരാതി സര്‍ക്കാര്‍ പരിഹരിക്കണമെന്നും ലീഗ് ആവശ്യം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും സതീശന്‍ വ്യക്തമാക്കി.

- Advertisement -

അതേസമയം ഇടി മുഹമ്മദ് ബഷീറിൻ്റെ പ്രതികരണം വന്നതിന് പിന്നാലെ തൻ്റെ നിലപാടിൽ കൂടുതൽ വിശദീകരണവുമായി വിഡി സതീശൻ രംഗത്ത് എത്തി. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിൽ മുസ്ലീംലീഗ് പറഞ്ഞ അഭിപ്രായം യുഡിഎഫ് ചര്‍ച്ച ചെയ്യും. സ്കോളര്‍ഷിപ്പുകളുടെ എണ്ണം കുറയ്ക്കില്ല എന്നാണ് താൻ പറഞ്ഞത്. തൻ്റെ അഭിപ്രായം മനസിലാക്കാതെയാണ് മുസ്ലീം ലീഗിൻ്റെ പ്രതികരണം. ലീഗിൻ്റെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണം. നിലവിലെ സ്കോളര്‍ഷിപ്പുകൾ നിലനിര്‍ത്തി പുതിയൊരു സ്കീമുണ്ടാക്കി ഇതര ന്യൂനപക്ഷവിഭാഗങ്ങളെ അക്കോമെഡേറ്റ് ചെയ്യണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. ഞങ്ങളുടെ ഫോര്‍മുല ഭാഗീകമായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഒരു ചര്‍ച്ചയും പ്രതിപക്ഷവുമായി സര്‍ക്കാര്‍ നടത്തിയിട്ടില്ല. മുസ്ലീം സമുദായത്തിന് എക്സിക്ലൂസിവായി ഉണ്ടായിരുന്ന ഒരു സ്കീമാണ് ഇല്ലാതായത്. അതിനാൽ അവര്‍ക്ക് നഷ്ടമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ് – നിലപാട് മയപ്പെടുത്തി സതീശൻ പറഞ്ഞു.

80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ജനസംഖ്യാ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് നൽകാനുള്ള സർക്കാരിന്‍റെ പുതിയ തീരുമാനത്തിന് എതിരെ ലീഗ് കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഒരുസമുദായത്തിനും നിലവിൽ കിട്ടുന്ന ആനൂകൂല്യം കുറയില്ലെന്ന് സർക്കാർ പറയുമ്പോഴും ന്യൂനപക്ഷ ജനസംഖ്യ മൊത്തത്തിൽ അടിസ്ഥാനം ആക്കുമ്പോൾ പുതിയ ഫോർമുലയിൽ മുസ്ലീം വിഭാഗത്തിനുള്ള ആനുകൂല്യം 80 ൽ നിന്നു 60 ലേക്ക് കുറയുമെന്നാണ് ലീഗ് അടക്കമുള്ള സംഘടനകളുടെ പരാതി.

മുസ്ലീം ജനവിഭാഗത്തിൻ്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സച്ചാര്‍, പാലോളി കമ്മീഷനുകൾ നൽകിയ ശുപാര്‍ശകളെ അട്ടിമറിക്കുന്നതാണ് ഹൈക്കോടതി വിധിയും സര്‍ക്കാര്‍ നിലപാടും എന്ന് മുസ്ലീം ലീഗ് വിശ്വസിക്കുന്നു. എന്നാൽ ഈ നിലപാട് സ്വീകരിക്കാൻ കോണ്‍ഗ്രസിനോ സിപിഎമ്മിനോ സാധിക്കില്ല. ഹൈക്കോടതി വിധി നടപ്പാക്കണമെന്നും ഇക്കാര്യത്തിൽ സര്‍ക്കാര്‍ നിലപാട് സ്വാഗതം ചെയ്യണമെന്നുമാണ് കോണ്‍ഗ്രസിനകത്തെ ഭൂരിപക്ഷ വികാരം.

- Advertisement -

വിഷയത്തിൽ വിരുദ്ധ നിലപാടുകൾ കോണ്‍ഗ്രസും മുസ്ലീം ലീഗും സ്വീകരിച്ച സ്ഥിതിക്ക് യുഡിഎഫ് ഉന്നതാധികാര സമിതി ചേര്‍ന്ന് ഒത്തുതീര്‍പ്പ് ഫോര്‍മുലയോ ധാരണയോ എത്തുന്നതിന് മുൻപേ തന്നെ നേതാക്കൾ തമ്മിലടിക്കാൻ തുടങ്ങിയതോടെ സമുദായിക സൗഹാര്‍ദ്ദത്തെ തന്നെ ബാധിക്കുന്ന വിഷയമായി ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് മാറുമോ എന്ന ആശങ്കയും കനക്കുകയാണ്.

നിലവിൽ പ്രശ്നം യുഡിഎഫിലാണെങ്കിലും ഐഎൻഎൽ പ്രതിഷേധം ഉയര്‍ത്തുന്നതിനാൽ എൽഡിഎഫിലും കാര്യങ്ങൾ അത്ര സേഫല്ല. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന എല്ലാവര്‍ക്കും അംഗീകാരം കിട്ടുമെന്ന് സര്‍ക്കാരും കഴിഞ്ഞ ദിവസം എൽഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘനും വ്യക്തമാക്കിയിട്ടുണ്ട്. അനുപാതത്തെ ചൊല്ലി തര്‍ക്കം നിലനിൽക്കുമ്പോഴും കേരളത്തിലെ എല്ലാ മതന്യൂനപക്ഷവിഭാഗങ്ങൾക്കും സ്കോളര്‍ഷിപ്പ് ഉറപ്പിച്ച് പ്രതിസന്ധി ലഘൂകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി അധികഫണ്ടും വകയിരുത്തിയിട്ടുണ്ട്.

വിഷയത്തിൽ ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നാണ് മുസ്ലീം ലീഗിൻ്റെ നിലപാട്. മുസ്ലീം മതവിഭാഗത്തിൻ്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ രൂപീകരിച്ച ഒരു പദ്ധതി 80:20 അനുപാതം നിശ്ചയിച്ച് അട്ടിമറിക്കുന്നതിന് വഴിയൊരുക്കിയും സമുദായത്തിന് നീതി നിഷേധിച്ചതും വിഎസ് സര്‍ക്കാര്‍ ആണെന്നാണ് അവരുടെ പരാതി. ആ നിലയിൽ പ്രചരണം ശക്തമായി ലീഗ് മുന്നോട്ട് കൊണ്ടു പോകുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week