കൊച്ചി: പ്രായപൂര്‍ത്തിയാകാതെ പൊതുനിരത്തിലൂടെ ബൈക്ക് ഓടിച്ച വിദ്യാര്‍ത്ഥിക്കും ഇതിന് അനുമതി നല്‍കിയ പിതാവിനും ശിക്ഷ വിധിച്ച് ആര്‍.ടി.ഒ. ഇരുവരും എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവേഴ്സ് ട്രയിനിങ് റിസര്‍ച്ച് സെന്ററില്‍ ഒരു ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കണമെന്നാണ് ഉത്തരവ്.
കലൂര്‍ സ്വദേശികളായ അച്ഛനും മകനുമാണ് പരിശീലനത്തിന് പോകേണ്ടത്. ഡ്രൈവിങ് ലൈസന്‍സിനുളള പ്രായമാകും മുമ്പേ മകന് ബൈക്ക് കൊടുത്തതാണ് പിതാവിനെതിരെയുള്ള കുറ്റം. മൂന്ന് പേര്‍ ഒരുമിച്ച് സഞ്ചരിച്ച വേളയിലാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എല്‍ദോ കെ വര്‍ഗീസ് ബൈക്ക് തടഞ്ഞത്. പരിശോധിച്ചപ്പോള്‍ ആര്‍ക്കും ലൈസന്‍സ് ഇല്ല. എല്ലാവരും പതിനെട്ടുവയസ്സില്‍ താഴെ പ്രായക്കാര്‍. ബൈക്ക് ഓടിച്ച കുട്ടിയെ ആര്‍ടിഒ ഓഫീസില്‍ കൊണ്ടുവന്നു. ഇനി തെറ്റ് ആവര്‍ത്തിക്കില്ലെന്നും ഇംപോസിഷന്‍ എഴുതുപ്പിച്ചു. കുട്ടിയുടെ പിതാവിനോട് ലൈസന്‍സുമായി ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇദ്ദേഹം ഹാജരാകുമ്പോള്‍ മകനുമായി എടപ്പാളില്‍ ബോധവത്കരണത്തിന് പോകേണ്ട തീയതി നല്‍കുമെന്നു ആര്‍ടിഒ കെ മനോജ് പറഞ്ഞു.
കുട്ടി ഡ്രൈവര്‍മാരുടെ എണ്ണം കൂടുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റോഡുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കോളേജുകളുടെ പരിസരത്തും നിരീക്ഷണമുണ്ട്. 18 വയസ്സുതികയാത്ത കുട്ടികള്‍ വാഹനങ്ങള്‍ ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടിയെടുക്കാനാണ് തീരൂമാനം.