33.4 C
Kottayam
Saturday, May 4, 2024

ശിവരഞ്ജിത്തും നസീമും കോപ്പിയടിച്ചത് സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച്? തട്ടിപ്പിന് പിന്നില്‍ വന്‍ സംഘം

Must read

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും കോപ്പിയടിച്ചത് ഹൈടെക് രീതി ഉപയോഗിച്ചെന്ന് സൂചന. സ്മാര്‍ട്ട് വാച്ച് ബ്ളൂടൂത്ത് ഉപയോഗിച്ച് മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചാണ് ഉത്തരങ്ങള്‍ എഴുതിയതെന്നാണ് സൂചന. പ്രതികളായ ശിവരജ്ഞിത്ത്, നസീം എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയ ക്രൈംബ്രാഞ്ച് സംഘം രണ്ട് മൊബൈല്‍ ഫോണുകളും മൂന്ന് മെമ്മറി കാര്‍ഡുകളും ഏതാനും രേഖകളും പിടിച്ചെടുത്തു.

സാധാരണ പിഎസ്സി പരീക്ഷാ ഹാളില്‍ മൊബൈല്‍ഫോണ്‍ അനുവദിക്കാറില്ല. ഫോണ്‍ പരീക്ഷാ ഹാളിനു പുറത്തുവെക്കണം. എന്നാല്‍, ഫോണ്‍ പുറത്തുവെക്കുന്നതിനു മുമ്പ് ശിവരഞ്ജിത്തും നസീമും കൈയില്‍ കെട്ടിയിരുന്ന സ്മാര്‍ട്ട് വാച്ചും പുറത്തുള്ള ഫോണും തമ്മില്‍ ബ്ളൂടൂത്ത് ഉപയോഗിച്ച് ബന്ധിപ്പിച്ചുവെന്നാണ് സൂചന.

സുഹൃത്തുക്കള്‍ പുറത്തുനിന്ന് സന്ദേശമായി അയച്ച ഉത്തരങ്ങള്‍ ഈ വാച്ച് വഴി സ്വീകരിച്ചാണ് പരീക്ഷയെഴുതിയത്. പരീക്ഷാ ഹാളില്‍നിന്ന് ചോദ്യക്കടലാസ് ജനാലവഴി പുറത്തേക്കിടുകയോ പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഫോണുപയോഗിച്ച് ചോദ്യക്കടലാസ് പുറത്തെത്തിക്കുകയോ ചെയ്തിരിക്കാമെന്നാണ് കരുതുന്നത്. ഇവ കണക്കിലെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്.

പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പി.എസ്.സി.യുടെ ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് അന്‍പതിലേറെ പേര്‍ ഉള്‍പ്പെടുന്ന വന്‍ സംഘമുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച സൂചന.

നസീമിനും ശിവരഞ്ജിത്തിനും പരീക്ഷാ സമയത്ത് ഉത്തരങ്ങള്‍ നല്‍കിയെന്നു സംശയിക്കുന്ന പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പിലെ ഗോകുലിനെ കണ്ടെത്തിയാല്‍ മാത്രമേ അന്വേഷണം മുന്നോട്ടുപോകൂ എന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ പറഞ്ഞു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week