മലയാളത്തിന്റെ സൂപ്പര്‍ താരം ടൊവിനോ തോമസ് നായകനായ ‘മിന്നല്‍ മുരളി’ നെറ്റ്ഫ്ലിക്സ് ആഗോള സിനിമയില്‍ നാലാം സ്ഥാനത്ത്. കൂടാതെ പതിനൊന്ന് രാജ്യങ്ങളിലെ ആദ്യ പത്ത് സ്ഥാനങ്ങളിലും മിന്നല്‍ മുരളി ഇടംപിടിച്ചു.
ഇന്ത്യ, ഒമാന്‍, ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളില്‍ മിന്നല്‍ മുരളിക്ക് നെറ്റ്ഫ്ലിക്സില്‍ മാത്രമാണ് സ്ട്രീമിങ്. സോഫിയ പോള്‍ (വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്) നിര്‍മ്മിച്ച് ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ ഹീറോ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലോകത്തിന്റെ വിവിധ ഇടങ്ങളില്‍നിന്ന് ലഭിക്കുന്നത്.
മിന്നല്‍ മുരളിയായ ടൊവിനോ തോമസ് തിളങ്ങുമ്പോള്‍ പ്രതിനായകനായി ഗുരു സോമസുന്ദരം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ക്രിസ്മസിന് മുന്നോടിയായി ഡിസംബര്‍ 24നായിരുന്നു ചിത്രത്തിന്റെ റിലീസ്. ലോകത്തിലെ പ്രമുഖ സ്ട്രീമിങ് വിനോദ ഉപാധിയാണ് നെറ്റ്ഫ്‌ലിക്‌സ്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ മിന്നല്‍ മുരളി റിലീസ് ചെയ്തിരുന്നു. കൂടാതെ വിദേശ ഭാഷകളില്‍ ഡബ് ചെയ്തും സബ് ടൈറ്റില്‍ ഉപയോഗിച്ചും പ്രദര്‍ശിപ്പിച്ചിരുന്നു.
‘ഗോദ’ എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നല്‍ മുരളിയെത്തിയത്.
മിന്നല്‍ മുരളി സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മാതാവ് സോഫിയ പോള്‍ അറിയിച്ചിരുന്നു. കുറേക്കൂടി വലിയ ചിത്രമായിരിക്കും രണ്ടാം ഭാഗം. ത്രീ ഡി ചിത്രമാകാനാണ് സാധ്യതയെന്നും അടുത്ത മാസം തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും സോഫിയ പോള്‍ പറഞ്ഞു.