തിരുവനന്തപുരം:ആലപ്പുഴയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിക്കാന്‍ പ്രയത്നിച്ച പോലീസ് സേനാംഗങ്ങള്‍ക്കും ചെങ്ങന്നൂരിലെ നഴ്‌സിങ് ഹോമിലെ ഡോക്ടര്‍ക്കും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഹൃദയാഭിവാദ്യങ്ങള്‍ നേര്‍ന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചത്. ഒപ്പം ജനിച്ചു വീണത് മുതല്‍ അതിജീവനത്തിനു ശ്രമിച്ച ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കുറിച്ചു.
സംഭവത്തിൽ സമയോചിതമായി പ്രവർത്തിച്ച ചെങ്ങന്നൂർ എസ്എച്ച്ഒ വിപിൻ എ.സി., സബ് ഇൻസ്‌പെക്ടർമാരായ അഭിലാഷ് എം.സി., അജിത് ഖാൻ, സിവിൽ പോലീസ് ഓഫീസർമാരായ ജിജോ പി. സാം, ഹരീഷ് എന്നിവർക്ക് കേരള പോലീസ് ഫെയ്സ്ബുക്കിലൂടെ അഭിനന്ദനമറിയിച്ചു
മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കോട്ടയിൽ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിക്കാന്‍ പ്രയത്നിച്ച പോലീസ് സേനാംഗങ്ങൾക്കും അമ്മ പറയുന്നതില്‍ സംശയം തോന്നി പോലീസിനെ സമയോചിതമായി അറിയിച്ച ചെങ്ങന്നൂരിലെ നഴ്‌സിംഗ് ഹോമിലെ ഡോക്ടര്‍ക്കും ഹൃദയാഭിവാദ്യങ്ങള്‍. ബക്കറ്റിലെ തുണി മാറ്റി നോക്കുമ്പോള്‍ കുഞ്ഞിന് ജീവന്‍ ഉണ്ടെന്നു കണ്ട് ആ ബക്കറ്റ് എടുത്തു കൊണ്ട് പോലീസ് ഓടുന്ന ദൃശ്യങ്ങള്‍ മനസില്‍ നിന്ന് മായുന്നില്ല.
ഈ കുഞ്ഞിന്റെ മൂത്ത സഹോദരന്‍ 9 വയസുകാരന്റെ വാക്കുകള്‍ ഗൗരവത്തില്‍ എടുത്തത് കൊണ്ടാണ് പോലീസ് ആശുപത്രിയില്‍ നിന്ന് അവര്‍ താമസിച്ച വീട്ടില്‍ എത്തി പരിശോധിച്ചത്. കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള എല്ലാ ശ്രമവും കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ നടത്തുന്നുണ്ട്.
സൂപ്രണ്ട് ഡോ. ജയപ്രകാശിന്റെ നേതൃത്വത്തില്‍ കുഞ്ഞിനാവശ്യമായ ചികിത്സയും പരിചരണവും നല്‍കുന്നുണ്ട്. കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. കുഞ്ഞിന് ആവശ്യമായ പരിചരണം നല്‍കാന്‍ വനിതാ ശിശു വികസന വകുപ്പ് ഒരു കെയര്‍ ഗിവറിനെ കുഞ്ഞിനോടൊപ്പം നിയോഗിച്ചിട്ടുണ്ട്. ജനിച്ചു വീണത് മുതല്‍ അതിജീവനത്തിനു ശ്രമിച്ച ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.
കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
സ്വകാര്യ ആശുപത്രിയിൽ നിന്നും ഒരു യുവതി ബ്ലീഡിങ്ങായി ചികിത്സയിലാണെന്നും, അതിൽ അസ്വാഭാവികത ഉണ്ടെന്നുമുള്ള ഇന്റിമേഷൻ ചെങ്ങന്നൂർ സ്റ്റേഷനിൽ ലഭിക്കുമ്പോൾ സമയം രാവിലെ 9.10 . ഉടൻ തന്നെ പോലീസ് ഹോസ്പിറ്റലിലേക്ക് പാഞ്ഞെത്തി. യുവതിയോടൊപ്പമുണ്ടായിരുന്ന അമ്മയോട് വിവരം ചോദിച്ചതിൽ മകൾ ബാത്ത്റൂമിൽ പ്രസവിച്ചതിനെ തുടർന്നുണ്ടായ ബ്ലീഡിങ് നിലക്കാത്തതിനാലാണ് ആശുപത്രിയിൽ എത്തിച്ചതെന്നായിരുന്നു മറുപടി.
ഭർത്താവുമായി അകൽച്ചയിൽ കഴിയുന്ന മകൾ ഗർഭിണി ആണെന്നത് അറിയില്ലായിരുന്നുവെന്നും അമ്മ പറഞ്ഞു. ” കുഞ്ഞെവിടെ ? ” എന്ന ചോദ്യത്തിന് പ്രസവത്തിൽ കുഞ്ഞു മരിച്ചുപോയെന്നും, കുഞ്ഞിനെ ബാത്ത്റൂമിലെ ബക്കറ്റിൽ ഉപേക്ഷിച്ചിരിക്കുന്നുവെന്നുമുള്ള മറുപടി ഞെട്ടലോടെയാണ് കേൾക്കാനായത്.
ഒരു നിമിഷം പോലും പാഴാക്കാതെ പോലീസ് ആ വീട്ടിലേക്ക് പാഞ്ഞെത്തി. ബക്കറ്റിൽ ഉപേക്ഷിച്ച നിലയിലുള്ള ചോരകുഞ്ഞിന് ജീവനുണ്ടെന്നു കണ്ട ശേഷമുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ.
പ്രിയപ്പെട്ടവരേ.. കോട്ടയം മെഡിക്കൽ കോളേജിൽ കുഞ്ഞ് സുഖമായിരിക്കുന്നു.
ആ കുരുന്നുജീവന് തുണയായ ചെങ്ങന്നൂർ SHO പോലീസ് ഇൻസ്‌പെക്ടർ വിപിൻ എ സി, സബ് ഇൻസ്‌പെക്ടർമാരായ അഭിലാഷ് എം സി, അജിത് ഖാൻ, സിവിൽ പോലീസ് ഓഫീസർമാരായ ജിജോ പി സാം, ഹരീഷ് എന്നിവർക്ക് അഭിനന്ദനങ്ങൾ.