എറണാകുളത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണിന് മുന്നറിയിപ്പ് ഉണ്ടായിരിക്കില്ല; സ്ഥിതീ അതീവഗുരുതരമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍

കൊച്ചി: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയില്‍ സ്ഥിതി അതീവഗുരുതരമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ആവശ്യമെങ്കില്‍ മുന്നറിയിപ്പില്ലാതെ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് നീങ്ങും. ജില്ലയില്‍ രോഗവ്യാപനം അതീവ ഗുരുതരാവസ്ഥയിലാണെന്നും മന്ത്രി പറഞ്ഞു. ജൂലൈ മാസം രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

രോഗവ്യാപനം കൂടിയ മേഖലകള്‍ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇവിടം പൂര്‍ണമായും അടച്ചിടും. ഈ മേഖലകളില്‍ ഒരു ഇളവും നല്‍കില്ല. ഇവിടെ സാമൂഹിക വ്യാപനം തടയാന്‍ എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കാനാണ് അധികൃതരുടെ തീരുമാനം. ജില്ലയില്‍ ടെസ്റ്റിങ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പൂള്‍ ടെസ്റ്റിങ് ഊര്‍ജിതമാക്കി. കണ്‍വെന്‍ഷന്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിങ് വഴിയും ട്രൂ നാറ്റ് ടെസ്റ്റിങ് മുഖേനയും നടത്തപ്പെടുന്ന പരിശോധനകളിലും പൂള്‍ ടെസ്റ്റിങ് ഊര്‍ജിതമാക്കിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അതിനിടെ എറണാകുളം ജനറല്‍ ആശുപത്രിയിലെ രണ്ടു വാര്‍ഡുകള്‍ അടച്ചു. മെഡിക്കല്‍, കാര്‍ഡിയോളജി വിഭാഗങ്ങളാണ് അടച്ചത്. ഇവിടെ ചികില്‍സയിലുണ്ടായിരുന്ന ചെല്ലാനം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

എറണാകുളം ജില്ലയില്‍ ഇന്നലെ 21 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ സമ്പര്‍ക്കം വഴിയാണ് രോഗബാധിതരായത്. ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ള ആകെ രോഗികളുടെ എണ്ണം 213 ആയി ഉയര്‍ന്നു. മുളവുകാട് വാര്‍ഡ് 3, കീഴ്മാട് വാര്‍ഡ് 4, ആലങ്ങാട് വാര്‍ഡ്7, ചൂര്‍ണിക്കര വാര്‍ഡ് 7, ചെല്ലാനം വാര്‍ഡ് 17 എന്നിവയാണ് ഇന്നലെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News