തിരുവനന്തപുരം: തന്നേക്കാൾ കൂടുതൽ തുക കണ്ണട വാങ്ങാനായി പ്രതിപക്ഷ അംഗങ്ങൾ എഴുതിയെടുത്തിട്ടുണ്ടെന്ന് മന്ത്രി ആർ ബിന്ദു. തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
കോൺഗ്രസ് എംഎൽഎമാരായ ടി ജെ വിനോദ് 31,600 രൂപയും എൽദോസ് കുന്നപ്പള്ളി 35,842 രൂപയും കണ്ണട വാങ്ങാനായി സർക്കാരിൽ നിന്ന് പണം കൈപ്പറ്റിയെന്നും അവർ പറഞ്ഞു. കണ്ണട വാങ്ങുന്നത് നിയമസഭാ സമാജികർക്കുള്ള അവകാശമാണെന്ന് പറഞ്ഞ മന്ത്രി, അതിനെ മഹാ അപരാധമെന്ന നിലയിൽ പ്രചരിപ്പിക്കുകയാണെന്നും വിമർശിച്ചു.
കേരള വർമ കോളേജ് തെരഞ്ഞെടുപ്പിൽ താൻ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഇതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്ന മന്ത്രിക്ക് നേരെ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെഎസ്‌യുവും മഹിളാ കോൺഗ്രസും ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് മന്ത്രി വിമർശിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ആര്‍ ബിന്ദു ആറ് മാസം മുമ്പ് വാങ്ങിയ കണ്ണടക്കാണ് 30500 രൂപ ചെലവായത്. അന്ന് തന്നെ ബില്ല് സഹിതം പണം അനുവദിക്കാൻ പൊതുഭരണ വകുപ്പിന് അപേക്ഷ നല്‍കിയെങ്കിലും ഇത് അനുവദിച്ചത് വൈകിയാണ്.
കണ്ണട വാങ്ങിയ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് പരാതിയായതോടെ മുഖ്യമന്ത്രി ഇടപെട്ടാണ് തുക ലഭിക്കുന്നത് വേഗത്തിലാക്കിയത്. കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജ 29000 രൂപയും സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണന്‍ 49900 രൂപയും കണ്ണട വാങ്ങാൻ ചെലവാക്കിയത് വിവാദമായിരുന്നു.