കാസര്‍കോട്: ലഡാക്കിലെ സൈനികത്താവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മില്‍മ കാസര്‍കോട് ഡയറിയിലെ സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിട്ടു. പുല്ലൂര്‍ വണ്ണാര്‍ വയലിലെ വിമുക്തഭടന്‍ ബാബുരാജ് ആണ് ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത്. ഇയാളെ സെക്യൂരിറ്റി ചുമതലയില്‍ നിന്ന് പുറത്താക്കിയതായി മില്‍മ കാസര്‍കോട് ഡയറി മാനേജര്‍ കെ.എസ് ഗോപി അറിയിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്നു ബാബുരാജ്. പ്രൈവറ്റ് സെക്യൂരിറ്റി സര്‍വ്വീസ് കമ്പനി വഴിയാണ് ആനന്ദശ്രമത്തെ മില്‍മ ഡയറിയില്‍ ജോലിക്ക് എത്തിയത്. ഇയാൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് ചീഫിന് യുവമോര്‍ച്ച പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സുരക്ഷാ ജീവനക്കാരനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മില്‍മ കാസര്‍കോട് ഡയറിയിലേക്ക് പ്രകടനം നടത്തിയ യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കൊവിഡ് നിയമങ്ങള്‍ പാലിക്കാതെ കൂട്ടമായി നിന്നതിനും പൊലീസ് അനുവാദമില്ലാത്തെ പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് കോളോത്ത്, വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കളായി, മണ്ഡലം ജനറല്‍ സെക്രട്ടറി ശരത് മരക്കാപ്പ്, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗങ്ങളായ രവീന്ദ്രന്‍ മാവുങ്കാല്‍, എം പ്രദീപന്‍ തുടങ്ങി പന്ത്രണ്ടോളം പേര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.