പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ ഇനി കോവിഡ് ആശുപത്രിയില്‍ സന്നദ്ധ സേവനം നടത്തേണ്ടി വരും

ഗ്വാളിയര്‍: കോവിഡ് രോഗികളുടെ നിരക്ക് ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. ജനങ്ങളില്‍ മിക്കവരും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ഇരിക്കുന്നത് ഭരണകൂടങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ വേറിട്ട ശിക്ഷാ രീതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മധ്യപ്രദേസിലെ ഗ്വാളിയോര്‍ ജില്ലാ ഭരണകൂടം. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവരും ഇനി കോവിഡ് ആശുപത്രികളില്‍ സന്നദ്ധ സേവനം നടത്തേണ്ടി വരും എന്നതാണ് ഗ്വാളിയറില്‍ ശിക്ഷയായി നടപ്പിലാക്കാന്‍ പോകുന്നത്.

നിലവില്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും പുറത്തിറങ്ങുന്നവര്‍ക്ക് പിഴ മാത്രമാണ് ഈടാക്കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ആശുപത്രികളിലും ചെക്ക്പോസ്റ്റുകളിലും മൂന്നുദിവസം വോളന്റിയര്‍മാരായി നിയോഗിക്കാനാണ് തീരുമാനം. കൂടാതെ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ദോര്‍, ഭോപ്പാല്‍ എന്നീ നഗരങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെ ജില്ലാ അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് വിധേയരാക്കണം.

ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ ഭരണകൂടം പുറത്തിറക്കി. സംസ്ഥാനത്ത് നടന്നുവരുന്ന ‘കില്‍ കൊറോണ’ ക്യാമ്പയിന്റെ ഭാഗമായാണ് ജില്ലാ കളക്ടര്‍ കൗശലേന്ദ്ര വിക്രം സിങിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഇത്തരമൊരു പുതിയ നടപടി. വിഷയത്തിന്റെ ഗൗരവം ജനങ്ങളിള്‍ക്ക് മനസിലാക്കി കൊടുക്കാനാണ് ഇത്തരമൊരു നടപടിയെന്നും കളക്ടര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News