ആറ്റിങ്ങൽ : ആവശ്യമുളള അളവിൽ പാൽ ലഭ്യമാക്കുന്ന മേൽകടയ്ക്കാവൂർ ക്ഷീര സംഘത്തിന്റെ മിൽക് എ.ടി.എം ഇന്ന് പ്രവർത്തനമാരംഭിച്ചു. കേരളത്തിൽ ആദ്യമായി കീഴാറ്റിങ്ങൽ കേന്ദ്രമായുള്ള മിൽകോ ഡെയ്‌റി യുണിറ്റാണ് ആറ്റിങ്ങൽ വീരളം ക്ഷേത്രത്തിന് സമീപം മിൽക് എ ടി എം ആരംഭിച്ചത്. മിൽക്ക് എടിഎമ്മിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി കെ.രാജു നിർവഹിച്ചു.
500 ലിറ്റർ സംഭരണ ശേഷിയുളള മെഷീൻ 24 മണിക്കൂറും പ്രവർത്തിക്കും. പണം നിക്ഷേപിച്ചും, മിൽക് കാർഡ് ഉപയോഗിച്ചും പാൽ വാങ്ങാം.1500 രൂപയിൽ കൂടുതൽ തുക മിൽക്ക് കാർഡിൽ ചാർജ് ചെയ്യുന്നവർക്ക് മിൽകോയുടെ ഒരു ലിറ്റർ ഐസ്ക്രീം സൗജന്യമായി ലഭിക്കും.
ആവശ്യമുളള പാൽ മെഷീനിൽ രേഖപ്പെടുത്തി പാത്രം വച്ചു കഴിഞ്ഞാൽ പാത്രത്തിൽ പാൽ നിറയും. പ്ലാസ്റ്റികിന്റെ ഉപയോഗം കുറയ്‌ക്കുാൻ കവർ പൂർണമായും ഒഴിവാക്കിയുളള നൂതന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ മിൽകോ ഡെയ്‌റി ഫാമിൽ നിന്നുളള പശുവിൻ പാലാണ് എ ടി എം നിറയ്‌ക്കാൻ ഉപയോഗിക്കുന്നത്. തുടർന്ന് ക്ഷീര കർഷകരിൽ നിന്ന് പാൽ നേരിട്ട് സ്വീകരിച്ച് വിതരണം ചെയ്യും. ഇത് ക്ഷീര കർഷകർക്ക് പാലിന് കൂടുതൽ വില ലഭിക്കാൻ സഹായിക്കും.
മിൽക്ക് എടിഎമ്മിൽ നിന്നുള്ള ആദ്യവിൽപ്പന ബി സത്യൻ എംഎൽഎയും നിർവഹിച്ചു. ചടങ്ങിൽ കടയ്ക്കാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷ്, നഗരസഭ ചെയർമാൻ എം പ്രദീപ്, മിൽകോ പ്രസിഡന്റ് സുരേഷ്, സെക്രട്ടറി അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു