കൊച്ചിയില്‍ കരസേനയ്ക്ക് ആയുധങ്ങളുമായി പോയ ട്രക്ക് അപകടത്തില്‍പ്പെട്ടു

കൊച്ചി: കരസേനയുടെ ആയുധങ്ങളുമായെത്തിയ ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി 11 മണിയോടെ തേവര-കുണ്ടന്നൂര്‍ പാലത്തിലായിരുന്നു അപകടം.കപ്പല്‍മാര്‍ഗം കൊച്ചിയില്‍ എത്തിയ കരസേനയുടെ ആയുധങ്ങള്‍ ജബല്‍പൂരിലെ ആയുധ സംഭരണ ശാലയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടം.

പാലത്തിലൂടെ ആയുധങ്ങള്‍ വഹിച്ചുകൊണ്ടുള്ള ട്രക്ക് കടന്നുപോകുന്നതിനിടെ എതിരെ വന്ന ബി എം ഡബ്ല്യു കാറില്‍ ഇടിക്കുകയായിരുന്നു. കാറിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഒരു വശത്തേക്ക് വെട്ടിച്ച ട്രക്ക് പാലത്തിന്റെ കൈവരി തകര്‍ത്ത് കായലിലേക്ക് ചെരിഞ്ഞു.

കരസേന,നാവിക സേന, പോലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഉടന്‍ ആയുധങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം വാഹനം നീക്കം ചെയ്തു.രാത്രി ഈ പ്രദേശത്തുകൂടിയുള്ള ഗതാഗതവും നിരോധിച്ചിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ കാര്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News