ന്യൂഡല്‍ഹി : ലോകത്തെ കോവിഡ്-19 വിവരങ്ങള്‍ അറിയാന്‍ എളുപ്പത്തില്‍ സഹായിക്കുന്ന ബിങ് കോവിഡ് 19 ട്രാക്കര്‍(Bing COVID-19 Tracker) ഇന്ത്യക്കായി മലയാളം ഉള്‍പ്പെടെ ഒന്‍പത് ഭാഷകളില്‍ ലഭ്യമാക്കി മൈക്രോസോഫ്റ്റ്. ലോകാരോഗ്യസംഘടനയില്‍ നിന്നും ഇന്ത്യാ ഗവണ്‍മെന്റിന്റെ എംഒഎച്ച്എഫ്ഡബ്ല്യൂയില്‍ നിന്നുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് വികസിപ്പിച്ചെടുത്തത്.
ടെലിമെഡിസിന്‍ സപ്പോര്‍ട്ട് ഹബ്(Telemedicine support hub), ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അപ്പോളോ ഹോസ്പിറ്റലുകള്‍, പ്രാക്‌റ്റോ, വണ്‍ എംജി, എംഫൈന്‍ എന്നിവരുമായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനായി വിശ്വസനീയമായ ടെലിമെഡിസിന്‍ സൗകര്യവും ലഭ്യമാക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് ഉപയോഗിച്ചുള്ള അപ്പോളോ ഹോസ്പിറ്റല്‍സ് ബോട്ട് കോവിഡ് 19 ലക്ഷണങ്ങളെക്കുറിച്ചും അപകടസാധ്യതയെക്കുറിച്ചും സ്വയം വിലയിരുത്താന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു.
ഹെല്‍പ് ലൈന്‍ നമ്പറുകളെയും ടെസ്റ്റിംഗ് സെന്ററുകളെയും കുറിച്ചുള്ള ആധികാരിക വിവരങ്ങളും,കേന്ദ്ര സര്‍ക്കാര്‍, ഐസിഎംആര്‍, ഡബ്ല്യുഎച്ച്ഒ എന്നിവയുള്‍പ്പെടെ വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുള്ള മാര്‍ഗനിര്‍ദേശങ്ങളും ട്രാക്കര്‍ നല്‍കും. കൂടാതെ അന്താരാഷ്ട്ര, ദേശീയ, പ്രാദേശിക മാധ്യമങ്ങളുടെ ഏറ്റവും പുതിയ വാര്‍ത്തകളും ലഭ്യമാണ്.