ഫ്ലോറിഡ: മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിയ്ക്ക് സമനില. നാഷ് വില്ലയ്ക്കെതിരായ മത്സരത്തിൽ ഇരുടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. മെസ്സി എത്തിയ ശേഷം ഇതാദ്യമായാണ് ഇന്റർ മയാമി വിജയിക്കാതെ മടങ്ങുന്നത്. മത്സരത്തിന്റെ ഭൂരിഭാഗവും പന്ത് നിയന്ത്രിച്ച ഇന്റർ മയാമിക്ക് ഗോൾ നേടാൻ കഴിഞ്ഞില്ല. ശക്തമായ പ്രതിരോധം ഒരുക്കി നാഷ് വില്ലെ മെസ്സിയെയും സംഘത്തെയും തടഞ്ഞു. എന്നാൽ നാഷ് വില്ലയുടെ ഭാഗത്ത് നിന്ന് കാര്യമായ മുന്നേറ്റവും ഉണ്ടായില്ല.
പത്ത് ദിവസങ്ങൾക്ക് മുമ്പ് ലീഗ്സ് കപ്പിന്റെ ഫൈനലിൽ ഇന്റർ മയാമിയുമായി നാഷ് വില്ലെ നേർക്കുനേർ വന്നിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഒരു ഗോൾ വീതം നേടി. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. പത്ത് താരങ്ങളും ഗോൾ കീപ്പറും കിക്കെടുത്തു. പതിനൊന്ന് അവസരങ്ങൾക്കൊടുവിൽ മെസ്സിയും സംഘവും ലീഗ്സ് കപ്പിൽ മുത്തമിട്ടു.
പത്ത് ദിവസങ്ങൾക്ക് ശേഷം മയാമിയും നാഷ് വില്ലയും വീണ്ടും നേർക്കുനേർ വന്നു. ഓഗസ്റ്റ് 20 ന് മത്സരിച്ച മയാമിയെ അല്ല ഇന്ന് കളത്തിൽ കണ്ടത്. പന്തടക്കത്തിലും മുന്നേറ്റത്തിലും ഏറെ പുരോഗമിച്ചിരിക്കുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ 70 ശതമാനത്തിലേറെ സമയം പന്തിനെ നിയന്ത്രിക്കാൻ മയാമി താരങ്ങൾക്ക് കഴിഞ്ഞു.
തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ച മെസ്സിയും സംഘവും നാഷ് വില്ലെ കോർട്ടിലേക്ക് മുന്നേറി. പക്ഷേ നാഷ് വില്ലയുടെ ശക്തമായ പ്രതിരോധം മയാമിക്ക് ഗോൾ നേടുന്നതിന് തടസം സൃഷ്ടിച്ചു. ഇതോടെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവിനുള്ള ശ്രമം നാഷ് വില്ലെ നടത്തി. 57-ാം മിനിറ്റിൽ നാഷ് വില്ലെ താരം ഹനി മുഖ്താറിന് മയാമി കീപ്പറെ മാത്രമായി മുന്നിൽ ലഭിച്ചു. എങ്കിലും ഓടിയെത്തിയ കമൽ മില്ലറിന്റെ അവസരോചിത ഇടപെടൽ അപകടം ഒഴിവാക്കി.
70-ാം മിനിറ്റിൽ അവസരം സൃഷ്ടിച്ച നാഷ് വില്ലെ വല ചലിപ്പിച്ചു. പക്ഷേ ലൈൻ റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തിയത് മയാമിക്ക് ആശ്വാസമായി. രണ്ടാം പകുതിയിലും ഇന്റർ മയാമി ആയിരുന്നു കൂടുതൽ സമയം പന്ത് നിയന്ത്രിച്ചത്. പക്ഷേ ഗോൾ കണ്ടെത്താൻ മയാമിക്ക് കഴിഞ്ഞില്ല.
90-ാം മിനിറ്റിൽ പെനാൽറ്റി അവസരത്തിനടുത്ത് നാഷ് വില്ലെ എത്തി. ഡിആന്ദ്രെ യെഡ്ലിന്റെ കൈയ്യിൽ പന്ത് തട്ടിയതോടെ ആണ് പെനാൽറ്റിക്ക് അവസരം ലഭിച്ചത്. എന്നാൽ വീഡിയോ റഫറിയുടെ പരിശോധനയിൽ നാഷ് വില്ലെ താരം തൊട്ടുമുമ്പായി ഓഫ്സൈഡിൽ ഉണ്ടായിരുന്നതായി കണ്ടെത്തി. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ ലഭിച്ച കോർണറുകള്‍ നാഷ് വില്ലെയ്ക്ക് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. 90 മിനിറ്റിലും മത്സരം ഗോൾ രഹിതമായിരുന്നു. 70 ശതമാനം സമയമാണ് ഇന്റർ മയാമി പന്ത് കൈവശം വെച്ചത്.