ദോഹ:പോരാട്ടത്തിന്റെ അവസാനം പെനാല്‍റ്റി ലക്ഷ്യം തെറ്റിക്കാത്ത ലൗട്ടാരോ മാര്‍ട്ടിനസിന്റെ അടുത്തേക്ക് സഹകളിക്കാര്‍ ഓടി പോയപ്പോള്‍, നായകന്‍ മെസി എത്തിയത് രണ്ട് കിക്കുകള്‍ തടഞ്ഞ് വിജയം ഉറപ്പിച്ച ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ സമീപത്തേക്ക്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു ക്യാപ്റ്റന്‍ എന്താണോ ചെയ്യേണ്ടത് അതാണ് മെസി ചെയ്തതെന്നാണ് വീഡിയോ പങ്കുവച്ച് ആരാധകരും ഫുട്‌ബോള്‍ പ്രേമികളും ഒരുപോലെ അഭിപ്രായപ്പെടുന്നത്.
പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട നാടകീയ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തിയാണ് മെസിയും സംഘവും സെമിഫൈനലില്‍ പ്രവേശിച്ചത്. അര്‍ജന്റീനയ്ക്കായി ലയണല്‍ മെസി, ലിയാന്‍ഡ്രോ പരേദസ്, ഗോണ്‍സാലോ മോണ്ടിയെല്‍, ലൗട്ടാരോ മാര്‍ട്ടിനസ് എന്നിവര്‍ ഗോളുകള്‍ നേടി.
കളിയുടെ ആദ്യ പകുതിയില്‍ നഹ്വെല്‍ മൊളീനയും രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെ ലയണല്‍ മെസിയുമാണ് വല ചലിപ്പിച്ചത്. 35ാം മിനുട്ടില്‍ ലയണല്‍ മെസിയുടെ പാസിലാണ് മൊളീന വല കുലുക്കിയത്. 73ാം മിനുട്ടില്‍ മെസി പെനാല്‍റ്റിയിലൂടെയാണ് ഗോളടിച്ചത്. അക്യൂനയെ ബംഫ്രിസ് വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും മികച്ച പ്രതിരോധമാണ് കാഴ്ചവെച്ചത്. എന്നാല്‍ ആദ്യ ഇരുപത് മിനുറ്റില്‍ കാര്യമായ നീക്കങ്ങള്‍ ഉണ്ടാക്കാന്‍ ഇരു കൂട്ടര്‍ക്കും സാധിച്ചില്ല. 22ാം മിനുറ്റില്‍ മെസ്സി ഒരു ലോങ് റേഞ്ചറിന് ശ്രമിച്ചെങ്കിലും ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
83ാം മിനുറ്റില്‍ സ്‌ട്രൈക്കര്‍ വൗട്ട് വെഗ്‌ഹോസ്റ്റ് നെതര്‍ലന്‍ഡ്‌സിനായി വല കുലുക്കി. കളിയുടെ ഇഞ്ചുറി ടൈമില്‍ അര്‍ജന്റീന ബോക്‌സില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്ന് സ്‌ട്രൈക്കര്‍ വൗട്ട് വെഗ്‌ഹോസ്റ്റ് നെതര്‍ലന്‍ഡ്‌സിന് വീണ്ടും ഗോള്‍ മധുരം നല്‍കി. ഇതോടെ ഇരു ടീമുകളും 2-2 എന്ന നിലയില്‍ സമനിലയിലെത്തി. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ച് സമനില പാലിച്ചതോടെ വിജയികളെ കണ്ടെത്താന്‍ പെനല്‍റ്റി ഷൂട്ടൗട്ട് അനിവാര്യമായി.
ഡിസംബര്‍ 13ന് ഇതേ വേദിയില്‍ നടക്കുന്ന സെമിഫൈനലില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും. ആദ്യ ക്വാര്‍ട്ടറില്‍ കരുത്തരായ ബ്രസീലിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്.