മിശിഹ കപ്പുമായി വന്നിറങ്ങി; ഉറങ്ങാതെ വരവേൽക്കാൻ കാത്തിരുന്ന് അർജന്റീന
ബ്യൂണസ് ഐറിസ്: കാത്തിരുന്ന ആ നിമിഷമെത്തി. വിശ്വം കീഴടക്കിയ മിശിഹയും സംഘവും അര്‍ജന്റീനന്‍ മണ്ണില്‍ പറന്നിറങ്ങി. സംഗീതം അലയടിച്ച അന്തരീക്ഷത്തില്‍ വിമാനത്തിന്റെ വാതില്‍ തുറന്നു. കാത്തിരുന്ന കപ്പ് അതാ കണ്‍മുന്നില്‍. മെസ്സി കപ്പുയര്‍ത്തി നിന്നു.വിമാനത്താവളത്തില്‍ തമ്പടിച്ച ജനം ആഹ്ലാദാരവം മുഴക്കി.
പ്രത്യേക വിമാനത്തില്‍ പുലര്‍ച്ചെ 2.30 ഓടെയാണ് കിരീടവുമായി ചാമ്പ്യന്മാര്‍ വന്നിറങ്ങിയത്. പുറത്തേക്ക് ആദ്യമെത്തിയത് മെസ്സിയും കോച്ച് സ്‌കലോണിയും. പിന്നാലെ ടീമംഗങ്ങള്‍ ഓരോരുത്തരായി പുറത്തേക്ക്. ചുവപ്പ് പരവതാനി വിരിച്ച് സ്വീകരണം.
വിമാനത്താവളത്തില്‍ നിന്ന് പ്രത്യേകം സജ്ജീകരിച്ച ബസ്സിലേക്ക്. തുറന്ന ബസ്സില്‍ താരങ്ങള്‍ തിങ്ങിനിറഞ്ഞ തെരുവിലൂടെ തലസ്ഥാനം ചുറ്റും,
36 വര്‍ഷം കാത്തിരുന്ന കപ്പുമായെത്തുന്ന ടീമിനെ വരവേല്‍ക്കാന്‍ പുലര്‍ച്ചെ രണ്ടരയ്ക്കും ജനം ഉറക്കമിളച്ച് തെരുവില്‍ കാത്തുനില്‍ക്കുകയായിരുന്നു. ജനസമുദ്രമാണ് ബ്യൂണസ് ഐറിസ്.ചരിത്രനിമിഷം. കപ്പിനെ വരവേല്‍ക്കാന്‍ ഒരു രാജ്യം ഒന്നാകെ കാത്തുനില്‍ക്കുന്ന കാഴ്ച.