കോഴിക്കോട് മാനസികാസ്വാസ്ഥമുള്ള യുവതിയെ ബസില്‍ കൂട്ടബലാത്സംഗം ചെയ്തു, രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട്: ചേവായൂരില്‍ മാനസികാസ്വാസ്ഥമുള്ള യുവതിയെ ബസില്‍ പിടിച്ചുകയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. വീട്ടുകാരുമായി വഴക്കിട്ടിറങ്ങിയ യുവതിയെ നിര്‍ത്തിയിട്ട ബസിലേക്ക് പിടിച്ചുകയറ്റി പീഢിപ്പിച്ചെന്നാണ് പരാതി. കേസില്‍ കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവര്‍ പൊലീസ് പിടിയിലായിട്ടുണ്ട്

ഒറ്റയ്ക്ക് നടന്നുപോകുന്ന പെണ്‍കുട്ടി മാനസികമായി വെല്ലുവിളികള്‍ നേരിടുന്നുവെന്ന് മനസിലാക്കിയ പ്രതികള്‍ യുവതിയുമായി അടുത്തശേഷം ബസിലേക്ക് കയറ്റുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബസ് ആളൊഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്തിട്ടിരിക്കുകയായിരുന്നു. പീഢനത്തിന് ശേഷം യുവതിയെ പ്രതികള്‍ ഓട്ടോയില്‍ കയറ്റി വീട്ടിലെത്തിക്കുകയുമായിരുന്നു.

യുവതിയുടെ പെരുമാറ്റത്തിലും ശരീരഭാഷയിലും അസ്വാഭാവികത തോന്നിയ വീട്ടുകാര്‍ കാര്യങ്ങള്‍ ചോദിച്ചുമനസിലാക്കിയപ്പോഴാണ് കൂട്ടബലാത്സംഗം നടന്നതിന്റെ സൂചന ലഭിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

പീഢനം നടന്നുവെന്ന് ഉറപ്പായ വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ചേവായൂര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. യുവതിയെ ബസില്‍വെച്ച്‌ ബലാത്സംഗം ചെയ്ത മൂന്നാമനുവേണ്ടി പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ കീഴില്‍ ഡിസിപിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ക്കെതിരായ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. യുവതിയെ ബസ് നിര്‍ത്തിയിട്ടിരുന്ന ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവായി അന്വേഷണസംഘത്തിന് ലഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News