കൊച്ചി:സിനിമയിലും സീരിയലിലും ഒരുപോലെ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് മീര വാസുദേവ്. തന്മാത്ര എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായിട്ടാണ് മീര മലയാളികളുടെ മനസില്‍ ഇടംനേടിയത്. അവിടുന്നിങ്ങോട്ട് വര്‍ഷങ്ങള്‍ക്ക് സുമിത്രയായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു. കഴിഞ്ഞ മൂന്നാല് വര്‍ഷങ്ങളായി കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് മീര നിറഞ്ഞ് നിന്നത്.
മലയാളത്തിലെ ഏറ്റവും ഹിറ്റായ ടെലിവിഷന്‍ പരമ്പരയായിരുന്നു കുടുംബവിളക്ക്. ഇപ്പോഴും സംപ്രേക്ഷണം തുടര്‍ന്ന് കൊണ്ടിരിക്കുന്ന സീരിയലും മീരയുടെ കഥാപാത്രവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇതിനിടയിലാണ് നടിയുടെ വിവാഹ വാര്‍ത്ത പുറത്ത് വരുന്നത്. കുടുംബവിളക്കിന്റെ ക്യാമറമാനായ വിപിനുമായി വിവാഹിതയായെന്ന് നടി തന്നെയാണ് വെളിപ്പെടുത്തുന്നത്.
വിവാഹക്കാര്യം വെളിപ്പെടുത്തി ആദ്യ മണിക്കൂറില്‍ തന്നെ നടി രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. അതിന് പ്രധാന കാരണം നടിയുടേത് മൂന്നാമത്തെ വിവാഹമാണെന്നുള്ളതാണ്. നേരത്തെ രണ്ടു തവണ വിവാഹിതയായ മീര ആ ബന്ധങ്ങള്‍ വേര്‍പ്പെടുത്തി സിംഗിള്‍ മദറായി ജീവിക്കുകയായിരുന്നു. ഇതിനിടയിലാണ് പുതിയൊരു പ്രണയവും വിവാഹവും ഉണ്ടാവുന്നത്.
എന്നാല്‍ ഇപ്പോള്‍ വിമര്‍ശനവുമായി എത്തുന്ന പലരും നടിയുടെ പ്രായത്തെ ചൊല്ലിയാണ് പരിഹസിക്കുന്നത്. ഭര്‍ത്താവായ ചെറുപ്പക്കാരന് എന്തായാലും മീരയെക്കാളും വളരെ പ്രായം കുറവായിരിക്കുമെന്ന നിഗമനമാണ് ചിലരെ പ്രകോപിപ്പിച്ചത്. മാത്രമല്ല നടിയ്ക്ക് 42 വയസുള്ളതിനാല്‍ ഈ പ്രായത്തിലും വിവാഹം കഴിക്കുന്നത് മര്യാദയാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് വഴിയൊരുക്കി.
ആദ്യ വിവാഹബന്ധങ്ങള്‍ വേര്‍പ്പെടുത്തിയ ആളായത് കൊണ്ട് നടിയെ പരിഹസിക്കാനുള്ള അവസരം ആരും കളഞ്ഞില്ല. സത്യത്തില്‍ മീരയും ഭര്‍ത്താവും ഇത്രത്തോളം വിമര്‍ശിക്കപ്പെടേണ്ടതുണ്ടോ എന്ന് ചോദിക്കുകയാണ് ആരാധകര്‍. വിവാഹം കഴിക്കാനുള്ള പ്രായം രണ്ടാള്‍ക്കുമുണ്ട്. അങ്ങനെയുള്ളപ്പോള്‍ നടിയെക്കാള്‍ ഭര്‍ത്താവ് ചെറുപ്പമാണെന്ന് ചൂണ്ടി കാണിച്ച് ആക്രമിക്കുന്നത് എന്തിനാണെന്നുള്ള ചോദ്യം ഉയരുകയാണ്. സിനിമാസ്വാദകരുടെ ഗ്രൂപ്പില്‍ ലോറന്‍സ് എന്നയാള്‍ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.
‘മീരയ്ക്ക് 42 വയസ്സുണ്ട്. മൂന്നാം വിവാഹം ആണ്. വിപിന്റെ പ്രായം എടുത്തു പറഞ്ഞിട്ടില്ല. ആളുകള്‍ ലുക്ക് നോക്കിയിട്ട് 30-35 വയസ്സ് അയാള്‍ക്ക് ഉണ്ടാവും എന്ന് ഊഹം പറയുന്നുണ്ട്. ഈ കഴിഞ്ഞ ദിവസം 15 വയസ്സ് തന്നേക്കാള്‍ മൂത്ത ഒരു മുസ്ലിം സ്ത്രീയെ വിവാഹം ചെയ്ത ഒരു ചെറുക്കനും വളരെ രൂക്ഷമായി ആക്രമിക്കപ്പെട്ടിരുന്നു.
വിപിന് 21 വയസ്സ് പൂര്‍ത്തി ആയെങ്കില്‍, ഇന്ത്യന്‍ നിയമം അനുസരിച്ച് അയാള്‍ക്ക് ആരെയും വിവാഹം കഴിക്കാം. പെണ്ണിന്റെ വയസ്സ് ഇപ്പോള്‍ 21 വേണം എന്നുണ്ട്. പെണ്ണിന് ചെറുക്കനെക്കാള്‍ വയസ്സ് കുറവ് വേണം എന്നോ തുല്യം ആയിരിക്കണമെന്നോ എവിടെയും പറയുന്നില്ല.
മീരയ്ക്ക് 42 എന്നുള്ളത് 72 ആയാലും വിപിന് 21 വയസ്സ് കഴിഞ്ഞിട്ടുണ്ട് എങ്കില്‍ അവര്‍ക്ക് തമ്മില്‍ വിവാഹം കഴിക്കാം. കുറെ കഴുതകള്‍ കരഞ്ഞു തീര്‍ക്കാന്‍ ഇറങ്ങിയിട്ടുണ്ട്. മനുഷ്യരെ ജീവിക്കാന്‍ വിടെടോ… നിന്റെയൊക്കെ ചിലവില്‍ അല്ലല്ലോ അവര്‍ ജീവിക്കുന്നത്…’ എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.