തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിലെ അധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് ഡിസംബർ ഒന്നാം തീയ്യതി മുതൽ അനിശ്ചിതകാല ചട്ടപ്പടി സമരം ആരംഭിക്കുമെന്ന് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു. സമരത്തിന്റെ ഭാഗമായി മുതൽ കോളേജുകളിലെ അദ്ധ്യയനവും, രോഗീപരിചരണവും ഒഴിച്ചുള്ള ഡ്യൂട്ടികളിൽ നിന്നും വിട്ടു നിൽക്കുമെന്നാണ് സംഘടനാ ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്.
പണി മുടക്കുന്ന അധ്യാപകര്‍ അവലോകന യോഗങ്ങൾ, വിഐപി ഡ്യൂട്ടി എന്നിവ ബഹിഷ്കരിക്കും. ഒ.പിയിൽ ഒരു ഡോക്ടർ നിശ്ചിത സമയത്തിനുള്ളിൽ നിശ്ചിത എണ്ണം രോഗികളെ മാത്രമേ പരിശോധിക്കുകയുള്ളൂ. ബാക്കി സമയം നാഷണൽ മെഡിക്കൽ കമ്മീഷൻ നിർദ്ദേശിക്കുന്ന പ്രകാരമുള്ള അദ്ധ്യയന പ്രവർത്തനങ്ങൾ നടത്തും.
വാർഡിൽ നിശ്ചിത പരിധിയേക്കാൽ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കില്ല. നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കാവുന്ന ഓപ്പറേഷനുകൾ മാത്രം നടത്തും. ഉച്ചഭക്ഷണത്തിന് വേണ്ടിയുള്ള 45 മിനിറ്റ് ഇടവേള നിർബന്ധമായും പ്രയോജനപ്പെടുത്തും. ഈ ഇടവേള ജോലി സമയത്തിനുള്ളിൽ തന്നെ എടുക്കും.
ഒ.പി, വാർഡ്, തീയറ്റർ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരും ഇത് പാലിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അധികാരികളുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ചട്ടപ്പടി സമരം കൂടുതൽ ശക്തമാക്കുമെന്ന് കെജിഎംസിടിഎ സംസ്ഥാന സമിതിക്ക് വേണ്ടി പ്രസിഡന്റ് ഡോ. നിർമ്മൽ ഭാസ്കറും, സെക്രട്ടറി ഡോ. റോസ്നാര ബീഗവും അറിയിച്ചു.