കോഴിക്കോട്: എംഡിഎംഎയുമായി അറസ്റ്റിലായ ദമ്പതിമാർ താമസിച്ച വാടകവീട്ടിൽ പോലീസ് പരിശോധന നടത്തി. ശനിയാഴ്ച രാത്രി തൊട്ടിൽപാലം ചാത്തങ്കോട്ടുനടയിൽ 96.44 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ പതിയാരക്കരയിലെ മുതലോളി വീട്ടിൽ ജിതിൻ ബാബു (32), ഭാര്യ സ്റ്റെഫി (32) എന്നിവരുടെ മേമുണ്ടയിലെ വാടകവീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്.
നാദാപുരം ഡിവൈഎസ്പി വിവി ലതീഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം വീട്ടുടമയായ കപ്പറത്ത് താഴ അമ്പാടിയിൽ ബാലന്റെ സാന്നിധ്യത്തിൽ മേമുണ്ട മഠത്തിനു സമീപമുള്ള വീട്ടിലാണ് പരിശോധന നടത്തിയത്. വീട്ടിൽനിന്നു ചെറിയ ഇലക്ട്രോണിക് ത്രാസ്, പ്രതികളുടെ പാസ്‌പോർട്ടുകൾ, സ്റ്റെഫിയുടെ ആധാർ കാർഡ്, പാൻ കാർഡ്, വീട്ടുമുറ്റത്ത് നിർത്തിയിട്ട കെഎൽ 18വി 5907 മാരുതി വാഗണർ കാർ, മയക്കുമരുന്ന് നൽകാനുളള 55 പ്ലാസ്റ്റിക് കവറുകൾ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.
ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുമെന്ന് ഡിവൈഎസ്പി വിവി ലതീഷ് പറഞ്ഞു. ബെംഗളുരൂവിൽനിന്ന് എംഡിഎംഎ കടത്തുന്നിതിനിടെ കുറ്റ്യാടി ചുരം റോഡിൽ തൊട്ടിൽപാലത്തിനടുത്ത് ചാത്തങ്കോട്ടുനടയിൽവെച്ചാണ് ജിതിൻ ബാബുവിനെയും ഭാര്യ സ്റ്റെഫിയെയും കോഴിക്കോട് റൂറൽ എസ്പിയുടെ ഡാൻസാഫ് അംഗങ്ങളും തൊട്ടിൽപാലം പോലീസും ചേർന്ന് പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് കുറ്റ്യാടി ചുരം ഇറങ്ങിവന്ന കാർ പോലീസ് സംഘം തടയുകയായിരുന്നു. തുടർപരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. സംശയം തോന്നാതിരിക്കാൻ ദമ്പതികൾ നാലു വയസുള്ള കുഞ്ഞിനെയും ഒപ്പം കൂട്ടിയിരുന്നു.