NationalNews

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി; രാഷ്ട്രീയത്തിലും തുടരും

തിരുവനന്തപുരം: കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. ഇത് ശമ്പളമുള്ള ജോലിയല്ലെന്നും രാഷ്ട്രീയക്കാരനെന്ന നിലയിലുള്ള എല്ലാ സ്വാതന്ത്ര്യവും തുടര്‍ന്നും വഹിക്കാമെന്നുമുള്ള കേന്ദ്രമന്ത്രിയുടെ ഉറപ്പിലാണ് പദവി ഏറ്റെടുക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിര്‍ദേശിച്ച ദിവസത്തില്‍തന്നെ പദവി ഏറ്റെടുക്കുമെങ്കിലും കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരേ ഗാന്ധി ജയന്തി ദിനത്തില്‍ തൃശ്ശൂരില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ താന്‍ പങ്കെടുക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിനും കുറിപ്പില്‍ അദ്ദേഹം നന്ദി അറിയിച്ചു.

അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ നേരത്തെ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിരുന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയത്തില്‍ സജീവമായി തുടരുന്ന സുരേഷ് ഗോപി പദവി ഏറ്റെടുത്തേക്കില്ലെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സുരേഷ് ഗോപിയെ അറിയിക്കാതെ കേന്ദ്രസര്‍ക്കാര്‍ പദവി പ്രഖ്യാപിച്ചതില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ത്യന്‍ പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, എന്റെ സുഹൃത്തായ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ക്ക് നന്ദി. കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതിനുള്ള ക്ഷണം ലഭിച്ചു.

100 ശതമാനം ഇത് വരുമാനമുള്ള പദവിയല്ലെന്നും ശമ്പളമുള്ള ജോലിയല്ലെന്നും, എല്ലാ രീതിയിലും രാഷ്ട്രീയക്കാരനായുള്ള സ്വതന്ത്രമായ പ്രവർത്തനം തുടരാന്‍ സാധിക്കുമെന്നുള്ള മന്ത്രിയുടെ ഉറപ്പുള്ളതുകൊണ്ടാണ് ചുമതല ഏറ്റെടുക്കുന്നത്. അതിനാല്‍ കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രാലയം നിര്‍ദേശിച്ച തീയതിയിലും സമയത്തും നിര്‍ദേശങ്ങള്‍ അനുസരിച്ച് ചെയര്‍മാനായി ചുമതലയേല്‍ക്കും.

എനിക്കുവേണ്ടി പ്രാര്‍ഥിക്കണം, ലോകപ്രശസ്തനായ ‘ഇന്ത്യന്‍ സിനിമയിലെ ഷേക്‌സ്പിയറു’ടെ പേര് സര്‍ഗാത്മകമായ പ്രവർത്തനങ്ങളിലൂടെ ഞാന്‍ തിളക്കമുള്ളതാക്കും.

പി.എസ്: കേരളത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ഗാന്ധിജയന്തി റാലിക്ക് ഒരു തടസ്സവും ഉണ്ടാകില്ല. പ്രതിഷേധ മാര്‍ച്ചിനൊപ്പം ഞാനും ഉണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker