ചാത്തന്നൂർ : ചിറക്കരയിൽ 52 ഗ്രാം എംഡിഎംഎയുമായി മൊത്തക്കച്ചവടക്കാരൻ അറസ്റ്റിൽ. ചിറക്കരത്താഴം രാഹുൽ നിവാസിൽ രാജന്റെ മകൻ രാഹുൽ(32)നെയാണ് പാരിപ്പള്ളി പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. വീട്ടിൽ നിന്നും കൈലിയിൽ ചുരുട്ടികെട്ടിയനിലയിൽ രാഹുൽ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ എംഡിഎംഎയാണ്. ഞായറാഴ്ച രാത്രി 7.45ന് ചിറക്കര വാഴവിള ജങ്ഷനിൽ നിന്നും ചിറക്കര താഴം പോകുന്ന വഴിയിൽ സ്വന്തം വീടിന് സമീപം ഫോൺ വിളിച്ച കസ്റ്റമറെ കാത്തുനിൽക്കുന്നതിനിടെയാണ് രാഹുലിനെ ഡാൻസാഫ് സംഘം പിടികൂടുന്നത്.
ദീർഘനാളായി കഞ്ചാവും രാസലഹരിയും കച്ചവടം നടത്തി വന്ന രാഹുൽ ആദ്യമായാണ് പോലിസ് പിടിയിലാവുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായ കച്ചവടക്കാരിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലിസ് നടത്തിയ അന്വേഷണത്തിലാണ് രാഹുലിൽ പോലിസ് എത്തിചേരുന്നത്. ജില്ലയിലെ പ്രധാന രാസലഹരി വ്യാപാരിയായ രാഹുലിന്റെ കൈയിൽ നിന്നും പിടിച്ചെടുത്ത എംഡിഎംഎക്ക് വിപണിയിൽ രണ്ടര ലക്ഷത്തോളം രൂപ വിലവരും.
കിളികൊല്ലൂർ, മയ്യനാട്, ചാത്തന്നൂർ, കണ്ണനല്ലൂർ, പാരിപ്പള്ളി, കണ്ണനല്ലൂർ മേഖലകളിലും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും കാറിലും ഇരുചക്രവാഹനങ്ങളിലും സഞ്ചരിച്ചും ബസ് യാത്രക്കാരനായുമാണ് പ്രതിയുടെ ലഹരി വിൽപന.ബാംഗ്ലൂരിൽ നിന്നുള്ള ഇടനിലക്കാർ മുഖേനയാണ് ഇവർ ലഹരിമരുന്ന് കേരളത്തിൽ എത്തിച്ചിരുന്നത് എന്നാണ് രാഹുൽ പൊലീസിന് മൊഴി നൽകിയത്. അന്തർ സംസ്ഥാന ലഹരി കടത്ത് സംഘവുമായി ബന്ധമുള്ളയാളാണ് രാഹുലെന്നാണ് പൊലീസ് സംശയിക്കുന്നത്.
പാരിപ്പള്ളി പോലിസ് കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. 'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ടയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. സിറ്റി ഡാൻസാഫ് എസ്.ഐമാരായ പി.സി. ശശിസേനൻ, ജി.ഗോപകുമാർ, ബൈജു പി.ജെറോം, ഹരിലാൽ, എ.എസ്.ഐമാരായ സുനിൽകുമാർ, എസ്.സജു,കെ.സീനു,ജി.മനു, എസ്.സി.പി സി.അനൂപ്, സി.പി.ഒ ദിലീപ് റോയ്, പാരിപ്പളളി പോലീസ് സബ് ഇൻസ്‌പെക്ടർ വിഷ്ണു സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.


