തിരുവനന്തപുരം: എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരേ ബി.ജെ.പി. എന്നതരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എൻ.എസ്.എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഒരു കാലത്തും ബി.ജെ.പി. ഇടപെട്ടിട്ടില്ലെന്നും ഇടപെടുകയുമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഹിന്ദുസമൂഹത്തിലെ സുശക്തമായ സമുദായ സംഘടന എന്ന നിലയിൽ എൻ.എസ്.എസിനേയും സുകുമാരൻ നായരേയും ബി.ജെ.പി. ഏറെ ബഹുമാനിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ് താൻ കേരളത്തിലേക്കെത്തിയപ്പോൾ എല്ലാവിധ പിന്തുണയും സഹായങ്ങളും നൽകിയ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പവുമുണ്ടെന്നും രാജീവ് പറഞ്ഞു.
ലക്ഷക്കണക്കിന് വരുന്ന നായർ സമുദായാംഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന എൻ.എസ്.എസിനേയും അതിന്റെ നേതൃത്വം വഹിക്കുന്ന ജനറൽ സെക്രട്ടറിയേയും രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി എന്നനിലയിൽ ബി.ജെ.പി. ഏറെ ഉത്തരവാദിത്വത്തോടെ മാത്രമേ സമീപിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


