സ്ത്രീകളുടെ പേരില്‍ ലോഡ്ജില്‍ മുറിയെടുത്ത് എംഡിഎംഎ വില്‍പ്പന; കോഴിക്കോട് യുവതിയും സംഘവും അറസ്റ്റിൽ

സ്ത്രീകളുടെ പേരില്‍ ലോഡ്ജില്‍ മുറിയെടുത്ത് എംഡിഎംഎ വില്‍പ്പന; കോഴിക്കോട് 108.28 ഗ്രാം എംഡിഎംഎയുമായി യുവതിയും സംഘവും അറസ്റ്റില്‍: പിടിയിലായത് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും രാസലഹരി എത്തിച്ചു നല്‍കിയിരുന്ന സംഘം

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ രാസലഹരി വില്‍പ്പന നടത്തിയിരുന്ന മൂന്നംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ബീച്ച്, റെയില്‍വേ സ്റ്റേഷന്‍, പുതിയ സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ വന്‍തോതില്‍ ലഹരിമരുന്നു വില്‍പന നടത്തിവന്ന രണ്ടു യുവാക്കളും യുവതിയുമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 108.28 ഗ്രാം എംഡിഎംഎ പോലിസ് പിടിച്ചെടുത്തു. ഇരിങ്ങാടന്‍പള്ളിയിലെ ലോഡ്ജില്‍ നിന്നുമാണ് യുവതിയേയും സംഘത്തെയും പോലിസ് അറസ്റ്റ് ചെയ്തത്.

ബേപ്പൂര്‍ തമ്പി റോഡ് അയോധ്യ ഹൗസില്‍ കെ.വി.അമല്‍ കുമാര്‍ (30), പയ്യാനക്കല്‍ പുളിക്കല്‍തൊടി ദിയ മിര്‍ഷ വീട്ടില്‍ എ.ടി.ഷാഹുല്‍ ഹമീദ് (26) പെരുവണ്ണാമുഴി ആവടുക്ക പന്തിരിക്കര മീത്തല്‍ വീട്ടില്‍ കമ്യക റീജു(21) എന്നിവരെയാണ് അസിസ്റ്റന്റ് കമ്മിഷണര്‍ അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ചേവായൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇരിങ്ങാടന്‍ പള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. കുറച്ചു ദിവസങ്ങളായി ഇവര്‍ ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു.

വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യം വെച്ചാണ് സംഘം വന്‍തോതില്‍ എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നത്്. പിടിയിലായ അമല്‍ മുന്‍പും എംഡിഎംഎ കേസില്‍ ഉള്‍പ്പെട്ട ആളാണ്. അമലിന്റെ പേരില്‍ മാറാട്, ബേപ്പൂര്‍, പന്നിയങ്കര, മെഡിക്കല്‍ കോളജ്, നല്ലളം പൊലീസ് സ്റ്റേഷനുകളിലായി ലഹരിമരുന്ന് ഉപയോഗിച്ചതിനും പൊതുസ്ഥലത്ത് മദ്യം കഴിച്ചതിനും മദ്യപിച്ചു വാഹനം ഓടിച്ചതിനുമായി പന്ത്രണ്ടോളം കേസുകളുണ്ട്. യുവതിയുടെ പേരിലാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ഈ മാസം 17 മുതല്‍ ഇരിങ്ങാടന്‍ പള്ളിക്കു സമീപമുള്ള ലോഡ്ജില്‍ താമസിച്ചുവന്ന ഇവരുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് അമല്‍ ധരിച്ച ട്രാക്ക് സ്യൂട്ടില്‍ രണ്ട് പ്ലാസ്റ്റിക് സിപ് ലോക്ക് കവറുകളില്‍ സൂക്ഷിച്ച എംഡിഎംഎ കണ്ടെത്തിയത്. തുടര്‍ന്ന് ഷാഹുല്‍ ഹമീദ് ധരിച്ച കാര്‍ഗോ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് ഒരു പ്ലാസ്റ്റിക് സിപ് ലോക്ക് കവറില്‍ സൂക്ഷിച്ച എംഡിഎംഎയും പിടികൂടി. രാമനാട്ടുകര സ്വദേശിയായ ഹബീബ് എന്ന ആളില്‍ നിന്ന് രണ്ടര ലക്ഷം രൂപയ്ക്ക് 125 ഗ്രാം എംഡിഎംഎ വാങ്ങിയിരുന്നതായും ഷാഹുല്‍ ഹമീദിനെയും ഗഫൂര്‍ എന്നു പേരുള്ള മറ്റൊരാള്‍ വഴിയും ഇത് ചില്ലറ വില്‍പന നടത്തി വരികയായിരുന്നുവെന്നും രാഹുല്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി.

നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ യുവതികളുടെ പേരില്‍ റൂം എടുത്ത് താമസിച്ച് എംഡിഎംഎ ചെറിയ പാക്കറ്റുകള്‍ ആക്കി വില്‍പന നടത്തുന്നതാണ് അമലിന്റെ രീതി. ഇവരുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും ചേവായൂര്‍ പൊലീസ് പരിശോധിക്കുകയാണ്. ഇവരില്‍ നിന്ന് മറ്റു ചില ലഹരി വില്‍പനക്കാരുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ചേവായൂര്‍ പൊലീസ് ഇവരെ നിരീക്ഷിച്ചു വരികയാണ്. പത്ത് ഗ്രാം എംഡിഎംഎ 25,000 രൂപയ്ക്കാണ് വിറ്റിരുന്നത്.

ഡാന്‍സാഫ് എസ്‌ഐ മനോജ് എടയടത്ത്, എഎസ്‌ഐ കെ.അഖിലേഷ്, എസ്സിപിഒ സുനോജ്, സിപിഒമാരായ സരുണ്‍കുമാര്‍, ദിനീഷ്, തൗഫീഖ്, മഷ്ഹൂര്‍, അതുല്‍, അഭിജിത്ത്, ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐമാരായ വി.കെ.ഏലിയാസ്, എ.വി.ബിജു, എഎസ്‌ഐ മാരായ, ഇ.ജമീല, എം.വി.ജയശ്രീ, സിപിഒമാരായ പി.ശ്രുതി, ഫസല്‍ എന്നിവര്‍ അടങ്ങിയ സംഘം ആണ് പ്രതികളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News