home bannerInternationalNews

ഇറാഖിലെ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം; അമ്പതോളം രോഗികള്‍ വെന്തുമരിച്ചു

ബാഗ്ദാദ്: ഇറാഖിലെ ആശുപത്രിയിൽ കോവിഡ് ഐസൊലേഷൻ വാർഡിലുണ്ടായ തീപിടുത്തത്തിൽ രോഗികൾ വെന്തുമരിച്ചു. തെക്കൻ നഗരമായ നാസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. അമ്പതോളം രോഗികൾ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

തിങ്കളാഴ്ച രാത്രി വൈകി തീ നിയന്ത്രവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അതേസമയം ചില രോഗികൾ ഇപ്പോഴും കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുണ്ട്. കനത്ത പുക രക്ഷാപ്രവർത്തനത്തെ ബാധിച്ചു.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി മുതിർന്ന മന്ത്രിമാരുമായി അടിയന്തര ചർച്ച നടത്തി. നാസിരിയയിലെ ആരോഗ്യ സിവിൽ ഡിഫൻസ് മാനേജർമാരെ സസ്പെൻഡ് ചെയ്യാനും അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ആശുപത്രി മാനേജർക്കെതിരെയും നടപടി സ്വീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

സംഭവത്തെ തുടർന്ന് ആശുപത്രിക്ക് മുന്നിൽ നിരവധി പേർ പ്രതിഷേധവുമായി എത്തിയിരുന്നു. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.

ഇറാഖിൽ 14 ലക്ഷത്തോളം പേർക്കാണ് കോവിഡ് ബാധയുണ്ടായത്. ഇതിൽ 17,592 പേർ കോവിഡ് മൂലം മരിച്ചിട്ടുമുണ്ട്. രാജ്യത്തെ നാല് കോടിയോളം വരുന്ന ജനസംഖ്യയിൽ പത്ത് ലക്ഷത്തോളം പേരാണ് ഇതിനോടൊകം ഒരു ഡോസ് വാക്സിൻ സ്വീകരിച്ചതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button