തിരുവനന്തപുരം: ഓൺലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ ചോദ്യം ചെയ്യുന്നതിന് മുൻകൂറായി നോട്ടീസ് നൽകി വിളിപ്പിക്കണമെന്ന് ഹൈക്കോടതി. ജാമ്യമില്ല വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നുണ്ടെങ്കിൽ പൊലീസ് പത്ത് ദിവസം മുൻപ് നോട്ടീസ് നൽകണം.
തനിക്കെതിരെ പൊലീസ് അകാരണമായി കേസ് രജിസ്റ്റർ ചെയ്യുന്നുവെന്നും നോട്ടീസ് നൽകാതെ അറസ്റ്റിലേക്ക് കടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സാജൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പൊലീസിനോട് എതിർസത്യവാങ്മൂലം നൽകാനും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സമയം അനുവദിച്ചു.
ഇതുവരെ ഉള്ള കേസുകൾക്കാകും ഈ ഇടക്കാല ഉത്തരവ് ബാധകം ആവുക എന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. തുടർന്നു രജിസ്റ്റർ ചെയ്യുന്ന കേസുകൾ അപ്പോൾ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.
നേരത്തെ ഷാജനെതിരായ പരാതിക്കാന്‍ പി.വി.ശ്രീനിജന്‍ എം.എല്‍.എയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് കെ പി സിസി സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആന്റോ ജോസഫിനെതിരെ കെപിസിസി വൈസ് പ്രസിഡൻറ് വിപി സജീന്ദ്രൻ രംഗത്തെത്തിയിരുന്നു. ഇടത് എംഎൽഎ പിവി ശ്രീനിജനിൽ നിന്ന് പണം വാങ്ങിയത് ആന്റോ ജോസഫാണെന്ന് വിപി സജീന്ദ്രൻ ആരോപിച്ചു.
ആന്റോ ജോസഫും പിവി ശ്രീനിജനും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തുവന്നിരിക്കുന്നുവെന്നും ഇനിയും കൂടുതൽ കാര്യങ്ങൾ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്ക് അറിയാമായിരുന്നുവെന്നും ഇത് പുറത്താകാതെ ഇരിക്കാനാണ് ശ്രീനിജൻ ഷാജനെതിരെ നിയമനടപടിയുമായി നീങ്ങിയതെന്നും വിപി സജീന്ദ്രൻ പറഞ്ഞു.
സിനിമാ മേഖലയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഷാജൻ സ്കറിയക്ക് അറിയാമായിരുന്നു. അദ്ദേഹം ഇക്കാര്യത്തിൽ ലേഖനങ്ങൾ എഴുതിയിരുന്നു. കണക്കുകൾ പുറത്തുവിടുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. പിന്നീട് അദ്ദേഹം ഒളിവിൽ പോവുകയും കോടതിയിൽ കേസെത്തുകയുമായിരുന്നു.
ഇതെല്ലാം ഇനിയും പുറത്തുവരും. ഒന്നും ഒളിച്ചുവെക്കാനാവില്ല. പിവി ശ്രീനിജനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുക്കണം. സ്പോർട്സ് കൗൺസിൽ കുട്ടികളെ എന്ത് കുറ്റം ചെയ്തിട്ടാണ് ഗേറ്റ് അടച്ചിട്ട് പുറത്ത് നിർത്തിയത്? ഇങ്ങനെ പെരുമാറാൻ സ്പോർട്സ് കൗൺസിൽ ആരുടെയും കുടുംബസ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു.