കൊച്ചി: ഫാഷന്‍ ഡിസൈനറായ യുവതിയെ ഫ്ളാറ്റില്‍ തടഞ്ഞുവച്ച് ക്രൂര പീഡനങ്ങള്‍ക്കിരയാക്കിയ കേസില്‍ മുഖ്യപ്രതിയായ തൃശൂര്‍ പുറ്റേക്കര പുലിക്കോട്ടില്‍ വീട്ടില്‍ മാര്ട്ടിന് ജോസഫ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇന്നു രാവിലെ ഹര്‍ജി പരിഗണിച്ചപ്പോഴാണു കോടതി ഹര്‍ജി തള്ളിയത്.
ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കിയ പ്രതി ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചെന്നുമാണു യുവതി നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്ന് മാര്ട്ടിന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മേയ് 18ന് തള്ളിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി പോലീസിന്റെ വിശദീകരണം തേടിയിരുന്നു. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത പോലീസ് വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഒളിവിലായിരുന്ന മാര്‍ട്ടിനെ തൃശൂരില്‍ കിരാലൂരില്‍ നിന്നും പോലീസ് വ്യാഴാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തിരുന്നു. ജോസ് എന്നയാളുടെ വീട്ടില്‍ ഇയാള്‍ കഴിയുകയായിരുന്നു പ്രതി.