കൊച്ചി:മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലിറങ്ങിയ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ: അറബിക്കടലിന്റെ സിംഹത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഡിസംബർ 17 മുതൽ ഇന്ത്യയിൽ പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യും. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും.
പ്രൈം വീഡിയോയിലെ മരക്കാറിന്റെ ഡിജിറ്റൽ പ്രീമിയറിൽ താൻ ഏറെ സന്തോഷവാനാണെന്നും ഇത് രാജ്യത്തുടനീളമുള്ള പ്രേക്ഷകർക്ക് അവരുടെ കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് സിനിമ കാണാനുള്ള അവസരം നൽകുമെന്നും മോഹൻലാൽ പറഞ്ഞു. ചിത്രത്തിന്റെ ഡിജിറ്റൽ പ്രീമിയറിൽ പ്രൈം വീഡിയോയിൽ പ്രദർശിപ്പിക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണെന്ന് പ്രിയദർശൻ പ്രതികരിച്ചു.
ഈ സിനിമ എന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്നതാണ്. കഴിഞ്ഞ 20 വർഷമായി ലാലിന്റെയും എന്റെയും ഒരു കൂട്ടായ സ്വപ്നമാണിതെന്നും അദ്ദേഹം പറഞ്ഞു. ഏറെ കാത്തിരുന്ന ഈ മെഗാ എന്റർടെയ്നറുമായി ഈ വർഷം അവസാനിപ്പിക്കുന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുന്നുവെന്ന് ആമസോൺ പ്രൈം വീഡിയോ, ഇന്ത്യയുടെ കണ്ടൻറ് ലൈസൻസിംഗ് മേധാവി മനീഷ് മെംഗാനിയും പറഞ്ഞു.
കുഞ്ഞാലി മരയ്ക്കാറുടെ നേതൃത്വത്തിൽ പോർച്ചുഗീസുകാർക്കെതിരെ നടന്ന ഇതിഹാസ യുദ്ധത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. 2021 ഒക്ടോബറിൽ നടന്ന 67-മത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച ഫീച്ചർ ഫിലിം, മികച്ച സ്പെഷ്യൽ ഇഫക്റ്റുകൾ, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്കാരങ്ങളും മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും ചെലവേറിയ ഈ ചിത്രം കരസ്ഥമാക്കുകയുണ്ടായി.
പ്രണവ് മോഹൻലാൽ, അർജുൻ സർജ, പ്രഭു, സുനിൽ ഷെട്ടി, അശോക് സെൽവൻ, മുകേഷ്, നെടുമുടി വേണു, മഞ്ജു വാര്യർ, കീർത്തി സുരേഷ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.