“ദൈവത്തിന്റെ കൈ പ്രയോഗത്തിലൂടെ ഗോളടിക്കണം, ഇത്തവണ പക്ഷേ വലത് കൈ കൊണ്ടാകണം” ; സ്വപ്‌നം ബാക്കിവച്ച് മറഡോണ യാത്രയായി
കാല്‍പ്പന്തുകളിയുടെ പൊതുനിയമങ്ങളെ വാക്കുകൊണ്ടും കാലുകൊണ്ടും തച്ചുടച്ച് ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഫുട്‌ബോള്‍ പ്രതിഭയായി വളർന്ന ഡീഗോ അമാന്റോ മറഡോണയുടെ ജീവിതകഥ ആരെയും ഒരു ത്രില്ലർ സീരീസ് കണ്ടതിന്റെ ആവേശം കൊള്ളിക്കും.
അറുപതാം ജന്മദിനം ആഘോഷിക്കുമ്പോൾ ഇനിയും പൂർത്തിയാകാത്ത എന്തെങ്കിലും സ്വപ്‌നം ബാക്കിയുണ്ടോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ ; ഇംഗ്ലണ്ടിനെതിരെ ഒരിക്കല്‍ കൂടി ദൈവത്തിന്റെ കൈ പ്രയോഗത്തിലൂടെ ഗോളടിക്കണം, ഇത്തവണ പക്ഷേ വലത് കൈ കൊണ്ടാകണം!
ആർക്കാണ് ഇങ്ങനെ പറയാനാവുക, മറഡോണയ്ക്കല്ലാതെ! ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മറഡോണ തന്റെ വിചിത്രമായ സ്വപ്നത്തെ കുറിച്ച് പറഞ്ഞത്. 1986 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആയിരുന്നു മറഡോണ നൂറ്റാണ്ടിന്റെ ഗോളും ദൈവത്തിന്റെ കൈ ഗോളും നേടി ഇതിഹാസസമാനമായി വളർന്നത്. ആ ലോകകപ്പ് അര്‍ജന്റീന നേടിയത് മറഡോണയുടെ മാത്രമല്ല, ഫുട്ബോളിന്റെ തന്നെ ചരിത്രത്തിലെ സമാനതകളില്ലാത്ത മുഹൂർത്തങ്ങളിലൊന്നായിരുന്നു.
റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന ഇംഗ്ലണ്ടിനെ തോൽപ്പിക്കുകയായിരുന്നു.
1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതിൽ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജന്റീന ടീം ഫൈനലിൽ പശ്ചിമജർമ്മനിയെ പരാജയപ്പെടുത്തി ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കുകയും ചെയ്തു.
രണ്ട് ആഴ്ചകള്‍ക്കു മുന്‍പ് അദ്ദേഹത്തിന് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം വീട്ടിലേക്ക് മടങ്ങിയ അദ്ദേഹം വിശ്രമത്തിലായിരുന്നു.അര്‍ജന്‍റീനയില്‍നിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണവാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. 1986 ല്‍ അര്‍ജന്‍റീനക്ക് ലോകകപ്പ് നേടിക്കൊടുത്ത താരമാണ് അദ്ദേഹം. ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സ് കീഴടക്കിയ താരം ഇനി ഓര്‍മ്മകളിലേക്ക്.