KeralaNews

കോഴിക്കോട്ട് മാവോയിസ്റ്റ് സാന്നിധ്യം; അന്വേഷണം ഊര്‍ജിതമാക്കി

കോഴിക്കോട്: കോഴിക്കോട്ടെ മാവോയിസ്റ്റ് സാന്നിധ്യം കണക്കിലെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. പെരുവണ്ണാമൂഴിയില്‍ മാവോയിസ്റ്റുകളെത്തിയ എസ്റ്റേറ്റിലെ മാനേജരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസമാണ് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെട്ട മാവോയിസ്റ്റ് സംഘം പെരുവണ്ണാമൂഴിയിലെത്തിയത്. പേരാമ്പ്ര പ്ലാറ്റേഷന്‍ എസ്റ്റേറ്റില്‍ നോട്ടീസ് പതിച്ചാണ് മൂവരും മടങ്ങിയത്.

എസ്റ്റേറ്റ് മതിലിലും ബസ്റ്റോപ്പിലും പോസ്റ്ററൊട്ടിച്ച സംഘം ലഘുലേഖകളും വിതരണം ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു. പ്ലാന്റേഷന്റെ മറവില്‍ തോട്ടത്തെ ഖനനത്തിനും ടൂറിസത്തിനും വിട്ടുകൊടുക്കരുത്, പ്ലാന്റേഷന്‍ ഭൂമി തൊഴിലാളികളെ തെരുവിലെറിയാന്‍ കോടികള്‍ കോഴവാങ്ങിയ കരിങ്കാലികളെ തിരിച്ചറിയുക തുടങ്ങിയവയാണ് മാവോയിസ്റ്റിന്റെ പേരിലുള്ള പോസ്റ്ററിലുള്ളത്. തണ്ടര്‍ബോള്‍ട്ടും പോലീസും സ്ഥലത്ത് തിരച്ചില്‍ നടത്തിയിരുന്നു.

വീടുകളില്‍നിന്ന് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, പവര്‍ ബാങ്ക് എന്നിവ ചാര്‍ജ് ചെയ്തശേഷം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. മറ്റു മൂന്നുപേര്‍ക്കുകൂടി ഭക്ഷണം പൊതിഞ്ഞുവാങ്ങിച്ചിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു.

വയനാട്ടില്‍ കഴിഞ്ഞ സ്വതന്ത്ര്യദിനത്തിന്റെ തലേന്ന് സ്വതന്ത്ര്യദിനം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകളും ബാനറുകളും മാവോയിസ്റ്റുകള്‍ പതിച്ചിരിന്നു. വയനാട്ടിലെ കമ്പമലയിലാണ് മാവോയിസ്റ്റുകളെത്തി പോസ്റ്ററുകളും ബാനറുകളും പതിച്ചത്. സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിക്കണമെന്നും രാജ്യത്തിന് ലഭിച്ചത് യഥാര്‍ത്ഥ സ്വാതന്ത്ര്യം അല്ലെന്നും പോസ്റ്ററുകളില്‍ പറഞ്ഞിരിന്നു. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും ബാനറുകളില്‍ ആവശ്യപ്പെട്ടിരിന്നു.

അതേസമയം കണ്ണൂര്‍, കോഴിക്കോട് യൂണിവേഴ്‌സിറ്റികളില്‍ സിപിഐ(മാവോയിസ്റ്റ്) യോഗം നടന്നെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് പ്രതി വിജിത്ത് വിജയനെതിരായ കുറ്റപത്രത്തിലാണ് പരാമര്‍ശം. 2026 മുതല്‍ 2019 വരെയാണ് യോഗങ്ങള്‍ നടന്നത്.

വൈത്തിരിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി ജലീല്‍, ഒളിവിലുള്ള പ്രതി ഉസ്മാന്‍ തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി ക്യാംപസ് ഹോസ്റ്റലിലായിരുന്നു യോഗങ്ങള്‍. മാവോയിസ്റ്റ് ആശയങ്ങളടങ്ങിയ ലഘുലേഖകള്‍ ജലീല്‍ വിജിത്തിന് കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button