വയനാട്: മാവോയിസ്റ്റുകളെ പൊലീസുകാർ കുടുക്കിയത് അര മണിക്കൂറോളം നീണ്ട വെടിവയ്‌പ്പിനൊടുവിൽ. പേര്യ ചപ്പാരം കോളനിയിലെ താമസക്കാരനായ അനീഷിന്റെ വീട്ടില്‍വെച്ചാണ് ഇന്നലെ രാത്രി മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവയ്‌പ്പുണ്ടായത്.
മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘം ഭക്ഷണസാധനം വാങ്ങാനും മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനുമായി അനീഷിന്റെ വീട്ടില്‍ എത്തിയതായിരുന്നു. ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് വീടുവളയുന്നതെന്ന് അനീഷ് പറയുന്നു.
അകത്തുണ്ടായിരുന്ന മാവോവാദികള്‍ പൊലീസിനുനേരെ പലതവണ വെടിയുതിര്‍ത്തു. ഉണ്ണിമായയും ചന്ദ്രുവും അടുക്കളയുടെ ചായ്പിലായിരുന്നു. പൊലീസിന്റെ നീക്കത്തില്‍ ചന്ദ്രുവും ഉണ്ണിമായയും പെട്ടുപോവുകയായിരുന്നു. ഇവരുടെ തോക്ക് പെട്ടെന്ന് പ്രവര്‍ത്തിക്കാതെയായതിനാല്‍ പൊലീസിന് എളുപ്പത്തില്‍ കീഴടക്കാനായി. മറ്റ് രണ്ട് സ്ത്രീകള്‍ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടെങ്കിലും അതില്‍ ഒരാള്‍ക്ക് വെടിയേറ്റെന്നാണ് സൂചന. കബനീദളത്തില്‍പ്പെട്ട സുന്ദരിയും ലതയുമാണ് ഓടി രക്ഷപ്പെട്ടതെന്നാണ് സൂചന.
വെടിവയ്‌പ്പ് നടക്കുന്ന സമയം അനീഷിന്റെ രണ്ടരവയസുള്ള കുട്ടിയും അമ്മയും സഹോദരനും ഭാര്യയും വീടിനകത്തുണ്ടായിരുന്നു. ബാത്ത്‌റൂമില്‍ അഭയംതേടുകയായിരുന്നെന്ന് അനീഷ് പറഞ്ഞു. ടാക്‌സിഡ്രൈവറാണ് അനീഷ്. തിങ്കളാഴ്ച മൂന്ന് സ്ത്രീകള്‍ വീട്ടിലെത്തി ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് കൊടുത്ത് മടങ്ങിയിരുന്നു.
ചൊവ്വാഴ്ച രാത്രി എട്ടരയ്ക്ക് അനീഷ് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ നാല് മാവോവാദികള്‍ അവിടെയുണ്ടായിരുന്നു. പത്തരയോടെയാണ് വെടിവയ്‌പ്പുണ്ടായത്. അരമണിക്കൂറോളം ഇത് തുടര്‍ന്നു. വെടിവയ്‌പ്പില്‍ വീടിന്റെ മുന്‍വശത്തെ വാതിലിന് കേടുപറ്റിയതായും അനീഷ് പറഞ്ഞു.