Home-bannerKeralaNewsRECENT POSTS

കാസര്‍കോട് മാവോയിസ്റ്റ് സാന്നിധ്യമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലയിലെത്തിയതായാണ് പോലീസിന്റെ സ്ഥിരീകരണം. അതിര്‍ത്തി വനമേഖലകളോട് ചേര്‍ന്നുള്ള പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് മാവോവാദി സാന്നിധ്യമുള്ളതായി ഇന്റലിജന്‍സ് റിപോര്‍ട്ട് ചെയ്തത്.

ഇതേ തുടര്‍ന്ന് ചീമേനി, വെളളരിക്കുണ്ട്, രാജപുരം, അമ്ബലത്തറ, ബേഡകം, ആദൂര്‍, ബദിയടുക്ക, മഞ്ചേശ്വരം പോലീസ് സ്റ്റേഷനതിര്‍ത്തികളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാക, ആന്ധ്ര മേഖലകളില്‍ നിന്ന് വയനാട് വഴി മാവോയിസ്റ്റ് സംഘം ജില്ലയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ മാവോയിസ്റ്റ് മുഖ്യന്‍ മുരളി കണ്ണമ്പള്ളി ഏതാനും ദിവസം മുമ്ബ് ജില്ലയിലെത്തിയതായി മാവോയിസ്റ്റ് വിരുദ്ധ സ്‌ക്വാഡിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സ്‌ക്വാഡ് പിന്തുടര്‍ന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു.

ഇതോടെയാണ് മാവോയിസ്റ്റുകള്‍ ജില്ലയിലെത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മാവോയിസ്റ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാനാണ് മുരളി കണ്ണമ്പള്ളി എത്തിയതെന്നാണ് വിവരം. ജില്ലാ പോലീസ് ആസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണിയെ ചെറുക്കാന്‍ സ്പെഷ്യല്‍ സ്‌ക്വാഡ് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മലയോര – അതിര്‍ത്തി മേഖലകളാണ് മാവോയിസ്റ്റുകളുടെ താവളമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button