കോട്ടയം:ജോസ് കെ മാണിയുടെ മുന്നണി മാറ്റം രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവ ചർച്ചയാവുന്നകോട്ടയത്ത് ഇത്തവണ ഇടത് തരംഗം ഉണ്ടാകുമെന്ന് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചനം. ഒമ്പത് മണ്ഡലങ്ങളാണ് കോട്ടയം ജില്ലയില്‍ ഉള്ളത്. യുഡിഎഫ് കോട്ടകളായിരുന്ന പല മണ്ഡലങ്ങളും ഇടത്തോട്ട് തിരയുമെന്നാണ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്. പാലായില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.
പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നിവയാണ് കോട്ടയം ജില്ലയിലെ മണ്ഡലങ്ങള്‍. യുഡിഎഫ് കോട്ട എന്നാണ് കോട്ടയം ജില്ലയെ വിശേഷിപ്പിക്കാറുള്ളത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് എല്‍ഡിഎഫിന് ലഭിച്ചത് രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ എല്‍ഡിഎഫ് ആറ് സീറ്റുകള്‍ സ്വന്തമാക്കും എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. അങ്ങനെയെങ്കില്‍ അതൊരു ഇടത് തരംഗം എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ്.
ജോസ് കെ മാണിയുടെ വരവ് തന്നെയാണ് ഈ വന്‍ മാറ്റത്തിന് വഴിവയ്ക്കുന്നത് എന്നാണ് പ്രീ പോള്‍ സര്‍വ്വേ വിലയിരുത്തുന്നത്. പാലാ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളാണ് എല്‍ഡിഎഫ് ഇത്തവണ അധികമായി സ്വന്തമാക്കുക എന്നാണ് പ്രവചനം.
പാലാ മണ്ഡലത്തില്‍ ഇത്തവണ ശക്തമായ പോരാട്ടമായിരിക്കും നടക്കുക എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. സിറ്റിങ് എംഎല്‍എ ആയ മാണി സി കാപ്പന്‍ ഇത്തവണ യുഡിഎഫിനൊപ്പമാണ്. കെഎം മാണിയുടെ മകന്‍ ജോസ് കെ മാണിയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
കെഎം മാണി പതിറ്റാണ്ടുകള്‍ എംഎല്‍എ ആയിരുന്ന പാലാ സീറ്റ് കേരളകോണ്‍ഗ്രസ് എമ്മിന് നഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ മരണത്തോടെ ആയിരുന്നു. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാണി സി കാപ്പന്‍ ആണ് വിജയിച്ചത്. ചരിത്ര വിജയമായി എല്‍ഡിഎഫ് ആഘോഷിച്ചതായിരിന്നു ആ വിജയം.
കഴിഞ്ഞ തവണ പരാജയപ്പെട്ട കേരള കോണ്‍ഗ്രസ് ഇത്തവണ എല്‍ഡിഎഫിനൊപ്പമാണ്. പാലാ സീറ്റിന്റെ പേരില്‍ കലഹിച്ചാണ് മാണി സി കാപ്പന്‍ എന്‍സിപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുകയും യുഡിഎഫിന്റെ ഭാഗമാവുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പ് മാണി സി കാപ്പനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റ് ആയ കടുത്തുരുത്തി ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിന്റെ പ്രകടമായ ശക്തിപ്രകടനം ആയിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. മോന്‍സ് ജോസഫ് ആണ് ഇവിടത്തെ സിറ്റിങ് എംഎല്‍എ.
ശക്തമായ യുഡിഎഫ് മണ്ഡലം ആയിരുന്നു കാഞ്ഞിരപ്പള്ളി. നിലവില്‍ ഡോ എന്‍ ജയരാജ് ആണ് സിറ്റിങ് എംഎല്‍എ. ഡോ ജയരാജ് ജോസ് കെ മാണിയുടെ കൂടെയാണ് എന്ന പ്രത്യേകതയും ഉണ്ട്. ഡോ എന്‍ ജയരാജ് തന്നെയാണ് ഇത്തവണത്തേയും സ്ഥാനാര്‍ത്ഥി. അദ്ദേഹം എല്‍ഡിഎഫിന് വേണ്ടി സീറ്റ് നിലനിര്‍ത്തുമെന്നാണ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്.
അമ്പത് വര്‍ഷമായി യുഡിഎഫിന്റെ കുത്തകയാണ് ചങ്ങനാശ്ശേരി മണ്ഡലം. സിഎഫ് തോമസ് നാല്‍പച് വര്‍ഷം എംഎല്‍എ ആയിരുന്ന മണ്ഡലം. എന്നാല്‍ ഇത്തവണ ചങ്ങാശ്ശേരിയും ഇടത്തോട്ട് തിരിയും എന്നാണ് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്. ഇത് യുഡിഎഫിന് വലിയ തിരിച്ചടിയാണ്.
എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ് ഏറ്റുമാനൂരും വൈക്കവും. ഇത് രണ്ടും എല്‍ഡിഎഫ് നിലനിര്‍ത്തും എന്നാണ് സര്‍വ്വേ പ്രവചനം. വിഎന്‍ വാസവന്‍ ആണ് ഇത്തവണ ഏറ്റുമാനൂരിലെ സ്ഥാനാര്‍ത്ഥി. വൈക്കത്തെ സിപിഐ സ്ഥാനാര്‍ത്ഥി സിറ്റിങ് എംഎല്‍എ ആയി സികെ ആശയാണ്.
രണ്ടേ രണ്ട് മണ്ഡലങ്ങളാണ് യുഡിഎഫിന് ലഭിക്കും എന്ന് സര്‍വ്വേ പ്രവചിക്കുന്നത്. പുതുപ്പള്ളി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോട്ടയം മണ്ഡലത്തില്‍ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ജയിക്കും എന്നാണ് പ്രവചനം.
പൂഞ്ഞാറിൽ ഇത്തവണയും പിസി ജോർജ്ജ് മാജിക് ഉണ്ടായേക്കാമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. എന്നാൽ ജോർജ്ജിന്റെ ജനപക്ഷത്തിന് ഈസി വാക്കോവർ ഉണ്ടാവില്ല. എൽഡിഎഫ് കടുത്ത പ്രതിരോധമാണ് ഉയർത്തുന്നത്. എന്നാൽ യുഡിഎഫ് ഏറെ പിറകിലാണ്.