അലപ്പുഴ:താന്‍ സ്വര്‍ണ്ണക്കടത്തുകാരിയല്ലെന്നും ഏത് അന്വേഷണത്തോടും സഹകരിച്ച് നിരപരാധിത്വം തെളിയിക്കാന്‍ തയാറാണെന്നും മാന്നാറില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു ബിനോയ്.
വിമാനത്തിൽ കയറുമ്പോൾ പൊന്നാനി സ്വദേശി ഒരു പൊതി തന്നെ ഏല്‍പ്പിച്ചതായും അത് സ്വര്‍ണമാണെന്ന് മനസിലായതോടെ മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചതായും ഇവര്‍ മാധ്യമങ്ങളോടു പറഞ്ഞു.
തന്നെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തിന്‍റെ മര്‍ദനത്തില്‍ നട്ടെല്ലിനു ക്ഷതമേറ്റതായും എം.ആര്‍.ഐ സ്കാനിങ്ങ് അടക്കമുള്ള പരിശോധനകള്‍ നടത്തിയതായും ഇവര്‍ പറഞ്ഞു. ദുബൈയില്‍ ഡ്രൈവറായിരുന്ന ഭര്‍ത്താവ് ബിനോയിയുടെ ടാക്സി വാഹനം ഓട്ടം വിളിച്ചുള്ള പരിചയമാണ് പൊന്നാനി സ്വദേശി ഹനീഫയുമായിട്ടുള്ളത്
ജോലി അന്വേഷിക്കാനായുള്ള വിസിറ്റിങ് വിസ അയച്ചു തന്നു. തിരികെ മടങ്ങുവാനായി വിമാനത്താവളത്തിലെത്തിയതിനു ശേഷമാണ് ഹനീഫ പൊതി ഏല്‍പ്പിച്ചത്. സ്വര്‍ണ്ണമാണെന്ന് മനസ്സിലായതിന്‍റെ പശ്ചാത്തലത്തില്‍ മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചാണ് നെടുമ്ബാശ്ശേരിയിലേക്കു കയറിയത്.
ഇവിടെ എത്തിയപ്പോള്‍ അത് വാങ്ങുവാനായി വിമാനത്താവളത്തില്‍ ആളുകള്‍ വന്നിരുന്നു. തന്‍റെ കയ്യില്‍ സ്വര്‍ണ്ണമില്ലെന്ന സത്യാവസ്ഥ തുറന്നു പറഞ്ഞെങ്കിലും വിശ്വസിക്കുവാന്‍ തയ്യാറാകാതെ സഞ്ചരിച്ച വാഹനത്തെ സംഘം പിന്തുടര്‍ന്നു. ഇതിനാല്‍ വഴികള്‍ മാറിയാണ് വീട്ടില്‍ എത്തിയത്.
നാലംഗ സംഘമായിരുന്നു വാഹനത്തില്‍ തന്നെ തട്ടിക്കൊണ്ടുപോയത്. യാത്രക്കിടയില്‍ സ്വര്‍ണ്ണത്തിന്‍റെ കാര്യങ്ങള്‍ ചോദിച്ച് മര്‍ദിച്ചു. നെല്ലിയാമ്ബതിയില്‍ എത്തിയ ശേഷം മറ്റൊരു വാഹനത്തില്‍ കയറ്റിയാണ് വടക്കാഞ്ചേരിയില്‍ ഉപേക്ഷിച്ചത്. തന്നെ സ്വര്‍ണ്ണക്കള്ളക്കടത്തുകാരിയായി ചിത്രീകരിക്കുന്നതില്‍ സത്യത്തിന്‍റെ അംശമേയില്ല. തന്‍റെ ബാങ്ക് ബാലന്‍സ് വെറും 345 രൂപ മാത്രമാണെന്നും ഇവര്‍ പറഞ്ഞു.
അഞ്ചംഗ കസ്റ്റംസ് പ്രിവന്‍റിവ് ഓഫിസര്‍മാര്‍ ഇന്ന് ഉച്ചക്ക് രണ്ടിന് പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് വീട്ടിലുമെത്തിയിരുന്നു. ആശുപത്രിയിലായതിനാല്‍ അവിടെ ചെന്ന് ബിന്ദുവിനോട് സംസാരിച്ച ശേഷം 3.30ഓടെ മടങ്ങിപ്പോവുകയും ചെയ്തു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബിന്ദുവിനെ ഒരു സംഘം വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. പാലക്കാട് വടക്കഞ്ചേരിക്ക് സമീപം പിന്നീട് ഇവരെ ഉപേക്ഷിക്കുകയായിരുന്നു.