കൊച്ചി:മലയാള സിനിമയുടെ ‘എല്ലാ സീനുകളും’ മാറ്റി കൊണ്ട്, റെക്കോർഡുകളും തിരുത്തി കൊണ്ട് മഞ്ഞുമ്മൽ ബോയ്സ് ജൈത്രയാത്ര തുടരുകയാണ്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിദംബരം ഒരുക്കിയ സിനിമ പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും നേടിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമാ ചരിത്രത്തിലെ വലിയൊരു റെക്കോഡ് മഞ്ഞുമ്മല്‍ നേടിയിരിക്കുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോർഡാണ് മജ്ജുമ്മൽ ബോയ്സ് നേടിയിരിക്കുന്നത്. 2018 എന്ന സിനിമയുടെ കളക്ഷൻ മറികടന്നാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. റിലീസ് ചെയ്തു മൂന്നാം തിങ്കളാഴ്ച പിന്നിട്ടപ്പോൾ സിനിമയുടെ രാജ്യത്തെ കളക്ഷൻ 108.50 കോടിയാണ്.
കേരളത്തിൽ നിന്ന് മാത്രമല്ല, മറിച്ച് തമിഴ്‌നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലും സിനിമയ്ക്ക് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് മാത്രം സിനിമ ഇതിനകം 41 കോടിയിലധികം രൂപ കളക്റ്റ് ചെയ്തു കഴിഞ്ഞു. തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് സിനിമ അടുത്ത ദിവസങ്ങളിൽ തന്നെ തമിഴ്‌നാട്ടിൽ 50 കോടി ക്ലബ് തുറക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
കർണാടകയിൽ നിന്ന് ചിത്രം ഇതിനകം ഒമ്പത് കോടിയിലധികം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. കർണാടകയിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാളം ചിത്രം എന്ന റെക്കോർഡും മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 22 ന് റിലീസ് ചെയ്ത സിനിമ ആഗോളതലത്തിൽ 160 കോടിയിലധികം രൂപ നേടി മുന്നേറുകയാണ്. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
ചിദംബരമാണ് സിനിമയുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗുണ കേവിന്‍റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.